അനർഹർ വോട്ടർ പട്ടികയിൽ; ഒഴിവാക്കാതെ ഉദയനാപുരം പഞ്ചായത്ത്

വൈക്കം ഉദയനാപുരം പഞ്ചായത്തില്‍ തയാറാക്കിയ വോട്ടേഴ്സ് ലിസ്റ്റില്‍ അനര്‍ഹരെ തിരുകികയറ്റിയതായി പരാതി. ആറ് മാസം മുന്‍പ് ആക്ഷേപം ഉന്നയിച്ചിട്ടും ഇവരെ ഒഴിവാക്കാന്‍ പഞ്ചായത്ത് നടപടിയെടുത്തില്ലെന്നും ആക്ഷേപം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താമസം മാറിയവരുള്‍പ്പെടെയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഇടതുപക്ഷം ഭരിക്കുന്ന ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാര്‍ഡിലെ വോട്ടേഴ്സ് ലിസ്റ്റിനെതിരെയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. നാല് ബിജെപി പ്രവര്‍ത്തകരാണ് അനര്‍ഹരായ 132പേര്‍ ലിസ്റ്റിലുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാര്‍ച്ചില്‍ പഞ്ചായത്തിനെ സമീപിച്ചത്. ഓഗസ്റ്റില്‍ വീണ്ടും പരാതി നല്‍കി. ഇത് പ്രകാരം പഞ്ചായത്ത് നോട്ടിസ് അയക്കുകയും തുടര്‍ന്ന് നടന്ന ഹിയറിങില്‍ രണ്ട് പേര്‍ മാത്രമാണ് ഹാജരായത്. എന്നിട്ടും അവസാനഘട്ട ലിസ്റ്റിൽ അനർഹരായ 101 പേരെ ഉൾപ്പെടുത്തി. 31 പേരെ മാത്രമാണ് ഒഴിവാക്കിയത് പത്ത് വര്‍ഷത്തിലേറെയായി പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളില്‍ താമസിക്കുന്നവരുള്‍പ്പെടെയാണ് രണ്ടാംവാര്‍ഡിലെ ലിസ്റ്റില്‍ ഇടംപിടിച്ചത്. ഹിയറിങിന് നോട്ടിസ് കൈപ്പറ്റാത്തവരെ മാത്രമെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയൂ എന്നാണ് പഞ്ചായത്തിന്‍റെ വാദം. 

1410 വോട്ടർമാരാണ് രണ്ടാംവാര്‍ഡിലുള്ളത്. ആക്ഷേപങ്ങൾ തീർത്ത് നാളെ ആദ്യഘട്ട വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കെയാണ് ലിസ്റ്റിലെ അപകാത ചൂണ്ടിക്കാട്ടിയുള്ള പരാതി. ലിസ്റ്റ് പ്രസിദ്ധീകരിച്ച് ശേഷം ആക്ഷേപം ഉന്നയിക്കാൻ കഴിയാത്തതിനാൽ പഞ്ചായത്തിന്‍റെ നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെയും കലക്ടറെയും സമീപിച്ചിരിക്കുകയാണ് പരാതിക്കാര്‍.