സർക്കാർ പദ്ധതിയിൽ ലഭിച്ച വീട് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നഷ്ടമായി

സര്‍ക്കാര്‍ പദ്ധതിയില്‍ ലഭിച്ച വീട് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നഷ്ടപ്പെട്ട് ഒരു കുടുംബം. റീ ബില്‍ഡ് കേരളയില്‍നിന്ന് അനുവദിച്ച വീടാണ് വൈപ്പിന്‍ ചെറായിക്കാരന്‍ നൗഷാദിന് നഷ്ടമായത്. ഏതുനിമിഷവും നിലംപൊത്താവുന്ന വീട്ടിലാണ് ഈ കുടുംബത്തിന്റെ താമസം.

ഇതാണ് വൈപ്പിന്‍ ചെറായിക്കാരന്‍ നൗഷാദിന്റെ വീട്. 2018ലെ പ്രളയക്കെടുതിയില്‍ വീടിന്റെ തറ തകര്‍ന്നു. ഭിത്തികള്‍ വിണ്ടുകീറി. പള്ളിപ്പുറം പഞ്ചായത്തിലെ ഈ വീടിനുണ്ടായ നാശനഷ്ടമത്രയും പരിശോധനക്കെത്തിയ പഞ്ചായത്ത്, റവന്യൂ അധികൃതര്‍ക്ക് ബോധ്യമായി. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി വീടും അനുവദിച്ചു. ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയെങ്കിലും തീരപരിപാലന നിയമത്തിന്റെ പരിധിയിലാണ് വീടിരിക്കുന്നതെന്നായിരുന്നു തീരപരിപാലന അതോറിറ്റിയുടെ നിലപാട്. 

അനുമതി നിഷേധിക്കപ്പെട്ടതോടെ നൗഷാദും കുടുംബവും പലവട്ടം കലക്ട്രേറ്റില്‍ കയറിയിറങ്ങി. ഒരു വര്‍ഷം നീണ്ട അലച്ചിലിനൊടുവില്‍ കഴിഞ്ഞ മാസം CRZ അനുമതി കിട്ടി. പിന്നാലെ പഞ്ചായത്ത് നിരാക്ഷേപ പത്രവും നല്‍കി. അപ്പോഴേക്കും പദ്ധതി കാലാവധി അവസാനിച്ചിരുന്നു. തീരപരിപാലന അതോറിറ്റി യോഗം ചേര്‍ന്ന് അനുമതി നല്‍കാതിരുന്നതാണ് പ്രശ്നമെന്ന് പഞ്ചായത്ത് പറയുന്നു.  ഉദ്യോഗസ്ഥരുടെ അനാസ്ഥ ഈ കുടുംബത്തിന്റെ വീടെന്ന പ്രതീക്ഷയാണ് ഇല്ലാതാക്കിയത്.