കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കാനകൾ നവീകരിക്കണം

കൊച്ചിയിലെ  വെള്ളക്കെട്ട് പരിഹരിക്കുന്നതിന് കാനകള്‍ അടിയന്തരമായി നവീകരിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. കാനകളിലെ വെള്ളമൊഴുക്ക് തടസപ്പെടുത്തുന്ന രീതിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ KMRLനെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് റിപ്പോര്‍ട്ട്. നഗരത്തിലെ പ്രധാന കനാലുകളുടെ ഒഴുക്ക് പുനസ്ഥാപിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പറയുന്നു.

കലൂര്‍ സ്റ്റേഡിയം, ടൗണ്‍ ഹാള്‍ പരിസരം, KSRTC സ്റ്റാന്‍ഡ്, എംജി റോഡ് എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടികള്‍ വേണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ വീഴ്ചയാണ് കലൂരിലെയും എംജി റോഡിലയെും വെള്ളക്കെട്ടിന് കാരണം. കലൂരില്‍ മെട്രോ നിര്‍മാണത്തിനായി റോഡിന് കുറുകെയുണ്ടായിരുന്ന മൂന്നടി വ്യാസമുള്ള കോണ്‍ക്രീറ്റ് പൈപ്പ് നീക്കിയ KMRL നാലിഞ്ച് വ്യാസമുള്ള പിവിസി പൈപ്പാണ് പകരം സ്ഥാപിച്ചത്. കലൂര്‍ സബ്സ്റ്റേഷനില്‍ വെള്ളം കയറാനുള്ള പ്രധാനകാരണവും ഇതുതന്നെ. ഈ പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടി വേണം. 

എംജി റോഡില്‍ കാനകള്‍ മനോഹരമായി നിര്‍മിച്ചെങ്കിലും റോഡില്‍ നിന്ന് കാനകളിലേക്ക് വെള്ളം ഒഴുകാന്‍ ആശ്യമായ സംവിധാനമില്ലെന്ന് അമിക്കസ് ക്യൂറി റി്പോര്‍ട്ടില്‍ പറയുന്നു. വളരെ ചെറിയ ഓവുചാലുകളിലൂടെയാണ് കാനകളിലേക്ക് വെള്ളമൊഴുക്കുന്നത്.

റോഡിലെ വെള്ളക്കെട്ട് മാറാന്‍ ഇത് പര്യാപ്തമല്ല. എറണാകുളം നോര്‍ത്തില്‍ ടൗണ്‍ഹാളിന് സമീപം കാനകളും തോടുകളും അടിയന്തരമായി ശുചീകരിക്കണം. സൗത്തില്‍ KSRTC സ്റ്റാന്‍ഡിന് സമീപം മുല്ലശേരി കനാലിലൂടെയുള്ള ഒഴുക്ക് പുനസ്ഥാപിക്കണമെന്നും അമിക്കസ് ക്യൂറി പറയുന്നു.

തേവര കനാലിന്‍റെ കായല്‍ മുഖത്തെ ചെളി നീക്കിയത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കായല്‍ മുഖത്ത് നിന്നെടുക്കുന്ന ചെളി, ബ്രഹ്മപുരത്ത് കൊണ്ടുപോയി തള്ളുന്നതിന്റെ സാംഗത്യവും അമിക്കസ് ക്യൂറി ചോദ്യം ചെയ്യുന്നു.