വേമ്പനാട് കായല്‍ സംരക്ഷണപദ്ധതി മൂന്നാം ഘട്ടത്തിലേക്ക്

വേമ്പനാട് കായല്‍ സംരക്ഷണപദ്ധതി മൂന്നാം ഘട്ടത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി വേമ്പനാട് കായലിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് ഫിഷറീസ് വകുപ്പ് നടത്തുന്ന പദ്ധതിയില്‍ തണ്ണീര്‍മുക്കം പഞ്ചായത്താണ് മുന്നില്‍ 

14 കിലോമീറ്റര്‍ കായല്‍ത്തീരമുണ്ട് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്. അതുകൊണ്ടുതന്നെ വേമ്പനാട് കായല്‍ സംരക്ഷണത്തിലും മുഖ്യപങ്ക് വഹിക്കാനുള്ളത് ഈ പഞ്ചായത്തിനാണ്. മല്‍സ്യസമ്പത്ത് കൂട്ടാനുള്ള മൂന്നാംഘട്ട പ്രവവര്‍ത്തനത്തില്‍ രണ്ട്‌ലക്ഷത്തി എന്‍പതിനായിരം പൂമീന്‍ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. തണ്ണീര്‍മുക്കം ബോട്ട്‌ജെട്ടിയ്ക്ക് സമീപം പ്രസിഡന്റ് പി.എസ് ജ്യോതിസ് മല്‍സ്യകുഞ്ഞുങ്ങളെ കായലിലേക്ക് തുറന്നുവിട്ട് ഉദ്ഘാടനം ചെയ്തു

കായല്‍ സംരക്ഷണ പദ്ധതിയുടെ ഭാഗമായി തണ്ണീര്‍മുക്കത്ത് അഞ്ച് ഏക്കറില്‍ കക്കാവളര്‍ത്തലും പത്ത് ഏക്കറില്‍ മത്സ്യസങ്കേതം പദ്ധതിയ്ക്കും സംസ്ഥാന ഫിഷറീസ് വകുപ്പ് തുടക്കമിട്ടിരുന്നു. കായല്‍ തീരത്ത് കണ്ടല്‍ചെടികള്‍ നടുന്ന പ്രവര്‍ത്തനത്തിനും തുടക്കമായിട്ടുണ്ട്.