കുളത്തിലെ മണ്ണ് ഖനനത്തിനെതിരെ വീണ്ടും നാട്ടുകാരുടെ പരാതി

പാലക്കാട് കണ്ണാടിയില്‍ കുളത്തിലെ മണ്ണ് ഖനനത്തിനെതിരെ വീണ്ടും നാട്ടുകാരുടെ പരാതി. സമീപമുളള വീടുകള്‍ക്കും ചുറ്റുമതിലിനും തകരാറുണ്ടാകുന്നതായാണ് ആക്ഷേപം.

കണ്ണാടി ഉപ്പുംപാടത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുളള രണ്ടരയേക്കർ വിസ്തൃതിയുളള സ്വകാര്യ കുളം ആഴം കൂട്ടുകയാണ്. വന്‍തോതില്‍ മണ്ണ് മാറ്റുന്ന ജോലി രണ്ടാഴ്ചയിലേറെയായി നടക്കുന്നു. ഇതിനെതിരെയാണ് നാട്ടുകാരുടെ പരാതി. വീടുകളുടെ മതിലുകള്‍ പൊളിയുന്നു. വീടുകള്‍ക്ക് വിളളലുണ്ടാകുന്നു. ഭാരംകയറ്റിയ ലോറികളുടെ യാത്ര റോഡ് തകരുന്നതിനും കാരണമാകുന്നു.

കുളം ആഴം കൂട്ടാന്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് അനുമതി ലഭിക്കുന്നതിന് വ്യാജ ഒപ്പ് ഉപയോഗിച്ചതായും പരാതിയുണ്ട്. പൊലീസിനും പഞ്ചായത്തിലുമൊക്കെ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും ആക്ഷേപം. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.