ആവശ്യത്തിന് വാഹനങ്ങളില്ലാത്തതുമൂലം അപകടസ്ഥലങ്ങളിലുള്‍പ്പെടെ എത്തിപ്പെടാനാകാതെ നിസഹായരായി കാഞ്ഞിരപ്പള്ളിയിലെ ഫയര്‍ ഫോഴ്സ് അംഗങ്ങള്‍. കട്ടപ്പുറത്തായ വാഹനങ്ങള്‍ക്ക് പുറമെ ടയര്‍ ക്ഷാമവുമാണ് ഫയര്‍ഫോഴ്സിനെ നോക്കുകുത്തിയാക്കുന്നത്. ഉദ്യോഗസ്ഥരുള്‍പ്പെടെ ദുരവസ്ഥ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രശ്നപരിഹാരത്തിന് നടപടിയുണ്ടായില്ല.
നാട്ടുകാര്‍ ആരെങ്കിലും സഹായം തേടിയാല്‍ നേരെചൊവ്വെ ഓടി സംഭവസ്ഥലതെത്താവുന്ന ഒരു വണ്ടി കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സിനില്ല. ജാംബവാന്‍റെ കാലത്തേതെന്ന് വിശേഷിപ്പിക്കാവുന്ന മിനിവാട്ടര്‍മിസ്റ്റും, ഒരു മൊബൈൽ ടാങ്ക് യൂണിറ്റുമാണ് ആകെയുള്ള സമ്പാദ്യം. മൊബൈൽ ടാങ്ക് യൂണിറ്റ് ഏഴ് മാസമായി ചങ്ങനാശ്ശേരി ഫയർസ്റ്റേഷനിൽ ചലനമറ്റ് കിടന്നതാണ്. ഇതില്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടാല്‍ എത്തുമെന്ന് തന്നെ ഉറപ്പില്ല. ടയറുകള്‍ ഇല്ലാത്ത മൊബൈൽ ടാങ്ക് യൂണിറ്റിന്‍റെയും, ഒരു ആംബുലൻസിന്‍റെയും ഉടമകള്‍ കൂടിയാണ് കാഞ്ഞിരപ്പിള്ളി ഫയര്‍ഫോഴ്സ്. അവശ്യഘട്ടങ്ങളില്‍ തേഞ്ഞില്ലാതായ ടയറുകള്‍ തട്ടിക്കൂട്ടി ഈ വാഹനങ്ങളും നിരത്തിലിറക്കാറുണ്ട്. നാട്ടുകാരുടെ ജീവന് ഭീഷണിയായി തുടങ്ങിയതോടെ ആ പരീക്ഷണവും ഒടുവില്‍ നിര്‍ത്തി.