കരൾ പകുത്ത് ജീവൻ പകർന്നവർ; ശസ്ത്രക്രിയക്ക് വിധേയരായവരുടെ സംഗമം

കരള്‍മാറ്റത്തിന്‍റെ മഹത്വം വിളിച്ചോതി എറണാകുളം വടക്കന്‍ പറവൂരില്‍ ശസ്ത്രക്രിയക്ക് വിധേയരായവരുെട സംഗമം. ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരളയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

കരള്‍ പകുത്ത് ജീവന്‍ പകര്‍ന്നവരും , അത് സ്വീകരിച്ച് ജീവിതത്തിലേക്ക് തിരികെ വന്നവരും ഒരേ വേദിയില്‍. അതായിരുന്നു വടക്കന്‍ പറവൂരിലെ സംഗമത്തിന്‍റെ പ്രത്യേകത. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിനുപേരും അവരുടെ കുടുംബാംഗങ്ങളും സംഗമത്തിനെത്തിയിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് നല്‍കിയിരുന്ന സമാശ്വാസ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കമെന്ന് കുടുംബസംഗമം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാരുണ്യ പദ്ധതി പുനസ്ഥാപിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത വി.ഡി.സതീശന്‍ എം.എല്‍.എ പറ‍ഞ്ഞു.

കാരുണ്യ പദ്ധതിയില്‍നിന്നുള്ള ചികില്‍സാ സഹായം നിലച്ചതോടെ നിര്‍ധനരായ രോഗികള്‍ പ്രതിസന്ധിയിലാണെന്ന് സംഗമം വിലയിരുത്തി.