ആലപ്പുഴയ്ക്ക് ഓണസമ്മാനമായി പാണാവള്ളിയിലും കഞ്ഞിപ്പാടത്തും പാലമാകുന്നു

ആലപ്പുഴയ്ക്ക് അക്കര കടക്കാൻ രണ്ടു പാലങ്ങൾ...  അരൂർ മണ്ഡലത്തിലെ പെരുമ്പളം ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്നത്തിനു മുഖ്യമന്ത്രി തറക്കല്ലിട്ടു. നിർമാണം പൂർത്തിയായ കഞ്ഞിപ്പാടം- വൈശ്യംഭാഗം പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തു. 

വേമ്പനാട്ട് കായലിന് കുറുകെ ഒരു കി.മീറ്ററിലേറെ നീളത്തിൽ  നിർമ്മിക്കുന്ന പെരുമ്പളം പാലത്തിന്റെ ശിലാസ്ഥാപനം  മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

100 കോടി മുതൽ മുടക്കിൽ രണ്ട് വർഷം കൊണ്ട് പാലം പണി പൂർത്തിയാക്കാനാണ് തീരുമാനം. ആലപ്പുഴ ജില്ലയുടെ വടക്കേ അതിർത്തിയായ അരൂർ മണ്ഡലത്തിലെപെരുമ്പളം ദ്വീപിനെ ചേർത്തലയുമായി ബന്ധിപ്പിച്ച് വേമ്പനാട്ട് കായലിന് കുറുകെയാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന് 

1110 മീറ്റർ നീളവും, 11 മീറ്റർ വീതിയുമുണ്ടാവും. കേരളത്തിലെ ഏറ്റവും ചിലവേറിയതും, നീളം കൂടിയതുമായ പാലങ്ങളിൽ ഒന്നായിരിക്കും പാണാവള്ളി - പെരുമ്പളം പാലം. കിഫ്‌ബിയിൽ ഉൾപ്പെടുത്തി 100 കോടി രൂപ ചിലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്. പെരുമ്പളം ദ്വീപിനുള്ള സംസ്ഥാന സർക്കാരിന്റെ ഓണ സമ്മാനമാണ് ഈ പാലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വലിയ തുക ചെലവഴിച്ചുള്ള പദ്ധതികളിൽ പൊതുവെ കാണാറുള്ള കാലതാമസം ഈ പാലത്തിന്റെ നിർമ്മാണത്തിൽ ഉണ്ടാകില്ലെന്നും, നിശ്ചയിച്ച രീതിയിൽ 2 വർഷം കൊണ്ട് തന്നെ പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആണ് വൈശ്യംഭാഗം പാലം മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തത്. നെടുമുടി, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം കുട്ടനാടിന്റെ സൗകര്യങ്ങൾ കൂട്ടും. കൊടിക്കുന്നിൽ സുരേഷ് mp,  തോമസ് ചാണ്ടി mla എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.