ദുരിതക്കയത്തിൽ വൈക്കവും കുമരകവും; നശിച്ചത് 2000 ഏക്കറിലെ കൃഷി

കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമാവുകയാണ്. മടവീഴ്ചയെ തുടർന്ന് വീടുകളിലും വെള്ളം കയറിയതോടെ കൂടുതൽ പേർ ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടി. രണ്ടായിരം ഹെക്ടറിലെ കൃഷിയും വെള്ളപ്പൊക്കത്തിൽ നശിച്ചു.

കോട്ടയത്തു നിന്ന് മഴ പൂർണമായും പിൻവാങ്ങിയിട്ടില്ല. ഇടവിട്ട് ശക്തമായ മഴ തുടരുന്നതിനാൽ പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇതോടെ ജില്ലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാംപുകളും തുറന്നു. മടവീഴ്ചയാണ് പടിഞ്ഞാറൻ മേഖലയിൽ ദുരിതം വിതയ്ക്കുന്നത്.

വിതച്ച് തളിരിട്ട പാടശേഖരങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും കർഷകർ പറയുന്നു.  വെള്ളമിറങ്ങി വീടുകളിലേക്ക് മടങ്ങാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം. വീട്ടിലെത്തിയാലും ദുരിതം തീരാൻ മാസങ്ങൾ കാത്തിരിക്കണം.