ലക്ഷങ്ങള്‍ മുടക്കിയ ശില്‍പം കനാല്‍ നവീകരണത്തിനിടെ തകര്‍ത്തു

ആലപ്പുഴയില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ശില്‍പം കനാല്‍ നവീകരണത്തിനിടെ തകര്‍ത്തു. ഉദ്ഘാടനം പോലും നടക്കും മുന്‍പാണ് മെഗാടൂറിസം പദ്ധതിയ്ക്കായി നിര്‍മിച്ച പതിനൊന്ന് ശില്‍പ്പങ്ങളിലൊന്ന് തച്ചുടച്ചത്. ബാക്കിയുള്ള ശില്‍പങ്ങളെങ്കിലും സംരക്ഷിക്കണമെന്ന് അപേക്ഷിക്കുകയാണ് യുവശില്‍പി.  

ഇതുപോലെ ആലപ്പുഴ നഗരത്തിലെ കനാലുകളുടെ ഓരത്ത് പതിനൊന്ന് ശില്‍പങ്ങളാണ് മെഗാടൂറിസം പദ്ധതിക്കായി നിര്‍മിച്ചത്. മൂന്നുവര്‍ഷമായിട്ടും ഉദ്ഘാടനം പോലും നടന്നിട്ടില്ല. രണ്ടുവര്‍ഷത്തോളം സമയമെടുത്താണ് അജയന്‍ വി കാട്ടുങ്കല്‍ ഈ മനോഹര ശില്‍പങ്ങള്‍ പണിതത്. ഇതില്‍ 30 അടി വീതിയും 10 അടി ഉയരവുമുണ്ടായിരുന്ന ശിൽപമാണ് തകര്‍ന്നത്. സംരക്ഷണഭിത്തി നി‍ർമാണം നടക്കുന്ന കറുത്തകാളി പാലത്തിന് സമീപത്തായിരുന്നു ഈ ശില്‍പം. കേരളനടനം, കുച്ചുപ്പുടി, നാടോടി നൃത്തം, മോഹിനിയാട്ടം എന്നിവയുടെ കൊളാഷാണ് ആവിഷ്കരിച്ചിരുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെസി വേണുഗാപാല്‍ എംപി കൊണ്ടുവന്നതാണ് മെഗാടൂറിസം പദ്ധതി. സംസ്ഥാന ഭരണം മാറിയതോടെ ഉദ്ഘാടനം പോലും നടക്കാതെ ശില്‍പങ്ങളെ അവഗണിച്ചു. പലതും വള്ളികള്‍ പടര്‍ന്നും പൊടിപിടിച്ചും നശിച്ചുകൊണ്ടിരിക്കുകയാണ്. പദ്ധതി സംബന്ധിച്ച് തർക്കമുള്ളതിനാൽ ടൂറിസം ഡിപ്പാർട്ടുമെന്റ് ശിൽപ്പങ്ങൾ ഏറ്റെടുക്കുകയോ കൈമാറുകയോ ചെയിതിട്ടില്ലെന്നാണ് ഡിടിപിസി വിശദീകരിക്കുന്നത്.