ആനയിടഞ്ഞ സംഭവത്തിൽ അന്വേഷണം തുടങ്ങി

പാലക്കാട് കുഴൽമന്ദത്ത് ക്ഷേത്ര ഉൽസവത്തിനെത്തിച്ച ആനയിടഞ്ഞ സംഭവത്തിൽ വനം ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങി. ആനയ്ക്ക് മദപ്പാടിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. വാഹനങ്ങളും മതിലുകളും വൈദ്യുത പോസ്റ്റുകളും തകർത്തതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.   

കുഴൽമന്ദം കാളിമുത്തി ഭഗവതി ക്ഷേത്രത്തിലെ വിഷു വേലയ്ക്കിടെ ഇന്നലെ വൈകിട്ടാണ് ആന ഇടഞ്ഞത്. വാഹനങ്ങളും മതിലുകളും വൈദ്യുത പോസ്റ്റുകളും തകർത്തു.

കരിഞ്ഞാൻതൊടി ദേശത്തിന്റെ എഴുന്നള്ളിപ്പിനായി എത്തിച്ച വടക്കുംനാഥൻ ഗണേഷ്‍ എന്ന ആന ഒന്നാം പാപ്പാനായ രാജുവിനെ വീഴ്ത്തിയ ശേഷമാണ് ഇടഞ്ഞോടുകയായിരുന്നു. ക്ഷേത്ര പരിസരത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോയും, ആനയെ തളയ്ക്കാൻ എത്തിയ എലിഫന്റ് ഓണേഴ്സ് അസോസിയേഷന്റെ വാഹനവും  തകർത്തു. കോയമ്പത്തൂർ സ്വദേശി വേലായുധന്റെ കാർ റോഡരികിലെ മതിലിനു മുകളിലേക്ക് മറിച്ചിട്ടു. 

വിരണ്ടോടിയ ആന കുഴൽമന്ദം പഞ്ചായത്ത് ഓഫിസിന് എതിർവശമുള്ള റോഡിന്റെ അരികിലെ ആറ് വീടുകളുടെ മതിൽ തകർത്തു. അതിനുശേഷം കുഴൽമന്ദം സ്വദേശി മനോജിന്റെ കാർ ആക്രമിച്ചു. മയക്കുവെടി വിദഗ്ധൻ ഡോ. എൻ. പൊന്നുമണിയുടെ നേതൃത്വത്തിൽ എലഫന്റ് ഓണേഴ്സ് അസോസിയേഷൻ പ്രവർത്തകർ എത്തിയെങ്കിലും

മയക്കുവെടിവയ്ക്കാതെ തന്നെ ഒന്നാം പാപ്പാന്റെ നേതൃത്വത്തിൽ ആനയെ കൂച്ചുവിലങ്ങിട്ടു തളച്ചു.

മദപ്പാടിന്റെ ലക്ഷണങ്ങളാണ് ഇടയാൻ കാരണമെന്ന് ഡോക്ടർ പറഞ്ഞു.സംഭവത്തിൽ വനം ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങി.