കാട്ടുതീ; മറയൂരിൽ വിനോദസഞ്ചാരികള്‍ക്ക് വിലക്ക്

മറയൂര്‍ കച്ചാരം വെള്ളച്ചാട്ടത്തിലേക്കും ഭ്രമരം വ്യൂ പോയിന്റിലേക്കും വിനോദസഞ്ചാരികള്‍ക്ക് വിലക്ക്. കാട്ടുതീ സാധ്യത കണക്കിലെടുത്താണ് വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയത്. സഞ്ചാരികളെത്താതായതോടെ  വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചിരുന്ന  ആദിവാസികളുടെ ഉപജീവന മാര്‍ഗമാണില്ലാതായത്. 

 മറയൂര്‍  കാന്തല്ലൂരിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളാണ്  കച്ചാരം വെള്ളച്ചാട്ടവും,  ഭ്രമരം വ്യൂപോയിന്റും.  വിനോദ സഞ്ചാരികള്‍ക്ക്  വനവിഭവങ്ങളും മറ്റും വില്‍പന നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന ആദിവാസികളാണ് പ്രതിസന്ധിയിലായത്.

ഭ്രമരം സിനിമയുടെ ചിത്രീകരണം നടത്തിയ കുളച്ചിവയലിലെ തുരുപെട്ടിപാറ പിന്നീട് ഭ്രമരം വ്യൂ പോയിന്റ് എന്നറിയപ്പെടുകയായിരുന്നു.  ഇവിടെ നില്‍ക്കുമ്പോള്‍   മാശിയിലെ നെല്‍പാടങ്ങളും കരിമ്പിന്‍ തോട്ടങ്ങളും മറയൂര്‍ മലനിരകളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളച്ചാട്ടവുമെല്ലാം കാണാം. വിലക്ക് ഏര്‍പ്പെടുത്തിയതോടെ ആദിവാസികളുടെ ഉല്‍പന്നങ്ങള്‍ വില്‌‍ക്കാനാകുന്നില്ല. അതുകൊണ്ട് എത്രയും വേഗം വിലക്ക് പിന്‍വലിച്ച് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.

രണ്ടാഴ്ച മുന്‍പ്  സമീപത്തെ റിസോര്‍ട്ടിലുള്ള ചിലര്‍ മദ്യപിച്ചെത്തി പ്രദേശത്ത് തീകൂട്ടുകയും ബഹളം വെയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വനം വകുപ്പ് വിലക്കേര്‍പ്പെടുത്തിയത്. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് നടപടിയെന്ന് വനംവകുപ്പറിയിച്ചു.