kanjikode-25

വെളളവും വൈദ്യുതിയും റോഡും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കഞ്ചിക്കോട് വ്യവസായമേഖലയെ സാരമായി ബാധിക്കുന്നു. നൂറിലധികം കമ്പനികളാണ് പ്രതിസന്ധി നേരിടുന്നത്. മലമ്പുഴ അണക്കെട്ടില്‍ നിന്ന് കിന്‍ഫ്രയിലേക്ക് പൈപ്പിലൂെട വെളളമെത്തിക്കാനുളള പദ്ധതിക്കെതിരെ കര്‍ഷകരുടെ പ്രതിഷേധവും ശക്തമാണ്. 

നിക്ഷേപ,വ്യവസായ സൗഹൃദ കേരളമാണ് ലക്ഷ്യമെങ്കില്‍ ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുന്ന കഞ്ചിക്കോട് വ്യവസായ മേഖലയിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധവേണം. അടിസ്ഥാന സൗകര്യങ്ങളിലെ കുറവ് കാലങ്ങളായി കഞ്ചിക്കോടിന് ക്ഷീണമാണ്. വീതിയുളള നല്ല റോഡുകളില്ല. അടുത്തിടെ റോഡ് നിര്‍മാണം തുടങ്ങിയെങ്കിലും വികസനം എത്താത്തയിടങ്ങളാണ് മിക്കതും. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുകയാണ് മറ്റൊന്ന്. സബ് സ്റ്റേഷന്‍ സംവിധാനങ്ങളൊക്കെ കഞ്ചിക്കോട്ടുണ്ടെങ്കിലും മിക്ക ദിവസങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി മുടക്കം നേരിടുന്നു. 

പുതുശേരി,എലപ്പുളളി പഞ്ചായത്തുകളില്‍ ഭൂഗര്‍ഭ ജലവിതാനം താഴ്ന്നതും വെളളം വിലകൊടുത്തു വാങ്ങി കമ്പനി നടത്തേണ്ട സാഹചര്യവും ഗൗരവമുളളതാണ്. ഇതിന് പരിഹാരമെന്നോണം മലമ്പുഴ അണക്കെട്ടില്‍ നിന്ന് വെളളമെത്തിക്കാനുളള കിന്‍ഫ്ര പൈപ്പുലൈന്‍ പദ്ധതിക്കെതിരെ കര്‍ഷകരുടെ പ്രതിഷേധവും ശക്തമാണ്. പരിഹാരമെന്നോണം ഉന്നതലത്തിലുളള ഇടപെടല്‍ തേടുകയാണ് വ്യവസായികള്‍. 

ദീര്‍ഘകാല പദ്ധതികളിലൂടെ കഞ്ചിക്കോടിന് ആശ്വാസമേകാന്‍ സര്‍ക്കാരിന് കഴിയും. വരുന്ന ബജറ്റില്‍ ഉള്‍പ്പെടെയാണ് വ്യവസായികളുടെ പ്രതീക്ഷ.