jaudice

കാഞ്ഞിരപ്പള്ളിയിൽ  മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന് പിന്നാലെ പഞ്ചായത്തും പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.  ടൗണിലും സ്കൂള്‍ പരിസരങ്ങളിലും  ഐസ്ക്രീം, സിപ്പ് അപ്പ് ഉള്‍പ്പെടെയുള്ളവയ്ക്ക് പഞ്ചായത്ത് താത്കാലിക നിരോധനം ഏര്‍പ്പെടുത്തി. വിദ്യാര്‍ഥികള്‍ക്ക് രോഗം പടര്‍ന്നത് ഇതിലൂടെയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് നടപടി. 

കഴിഞ്ഞ രണ്ടാഴ്ചക്കിടെ കാഞ്ഞിരപ്പള്ളിയില്‍ ഒരു ഡസനിലേറെ വിദ്യാര്‍ഥികള്‍ക്കാണ് ആരോഗ്യ വകുപ്പ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മലിനജലം ഉപയോഗിച്ച് നിര്‍മിച്ച ഭക്ഷണ പദാര്‍ഥങ്ങളിലൂടെയാണ് മഞ്ഞപ്പിത്തം പടര്‍ന്നതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. സ്സൂളിന് സമീപത്തുള്ള കടകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മഞ്ഞപിത്തത്തിന് കാരണമായത് ഐസ്ക്രീം, സിപ്പ് അപ്പ്, കുല്‍ഫി എന്നിവയാണെന്ന് കണ്ടെത്തിയത്. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശപ്രകാരമാണ് പഞ്ചായത്ത് കര്‍ശന നടപടിയിലേക്ക് നീങ്ങിയത്. ഇനിയൊരറയിപ്പുണ്ടാകുന്നതുവരെ പഞ്ചായത്തില്‍ ഐസ്ക്രീമിനും ശീതള പാനീയങ്ങള്‍ക്കും നിരോധനം തുടരും. 

ഇതോടൊപ്പം മഞ്ഞപിത്തം പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പിന്‍റെ നടപടികളും തുടരുകയാണ്. ഐഎച്ച്.ആർ.ഡി കോളേജിലെ വിദ്യാര്‍ഥികളുടെയും ആശാ വർക്കർമാരുടെയും നേതൃത്വത്തിൽ മഞ്ഞപ്പിത്ത ബാധിത മേഖലയിലെ വീടുകളിലെത്തി കിണറുകളിൽ ക്ലോറിനേഷൻ ആരംഭിച്ചു. 7, 8,11 വാർഡുകളിൽ 12 സ്ക്വാഡുകളായി തിരിഞ്ഞാണ് പ്രതിരോധ പ്രവര്‍ത്തനം.  മഞ്ഞപിത്തം നിയന്ത്രണവിദേയമാകുന്നതു വരെ  ബോധവത്ക്കരണവും പരിശോധനയും തുടരാനാണ് പഞ്ചായത്തിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും തീരുമാനം.