അന്തിക്കാട് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകരുടെ രാപകല്‍ സമരം

പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് തൃശൂര്‍ അന്തിക്കാട് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകരുടെ രാപകല്‍ സമരം. അന്തിക്കാട് ഇന്‍സ്പെക്ടര്‍ പൊലീസിന് അപമാനമാണെന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ആരോപിച്ചു.   

 തൃശൂര്‍ പെരിങ്ങോട്ടുകര ഐ.ടി.ഐ. തിരഞ്ഞെടുപ്പില്‍ ജയിച്ചതിന് ആഹ്ലാദ പ്രകടനം നടത്തിയ എ.ഐ.എസ്.എഫ്. പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐക്കാര്‍ ആക്രമിച്ചിരുന്നു. ഈ കേസില്‍ പരാതി നല്‍കിയ എ.ഐ.എസ്.എഫുകാര്‍ക്കെതിരെ അന്തിക്കാട് പൊലീസ് കള്ളക്കേസെടുത്തെന്നാണ് ആരോപണം. ഭരണത്തിലിരിക്കുന്ന മുന്നണിയിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ യുവജനസംഘടന തന്നെ പൊലീസിന് എതിരെ പ്രത്യക്ഷ സമരത്തിനിറങ്ങിയത് സര്‍ക്കാരിന് തിരിച്ചടിയാണ്. സി.പി.ഐ. പ്രാദേശിക നേതൃത്വവും സമരത്തെ പിന്തുണച്ച് പ്രകടനം നടത്തി. ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് സ്ഥലം എം.എല്‍.എ. ഗോപി പറഞ്ഞു. 

പെരിങ്ങോട്ടുകരയിലും തൃശൂര്‍ കേരളവര്‍മ കോളജിലും ഇരുപാര്‍ട്ടികളിലേയും യുവജന, വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷം പതിവായിട്ടുണ്ട്. സി.പി.എം., സി.പി.ഐ. പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ ഇടപ്പെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാത്തതും സ്ഥിതി കൂടുതല്‍ വഷളാക്കി.