എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിൽ കാത്ത് ലാബ് പ്രവർത്തന സജ്ജം

cath-lab
SHARE

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമായതോടെ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ ഹൃദ്രോഗ ചികിത്സാനിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ശിലാസ്ഥാപനവും, കാത്ത് ലാബിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. എറണാകുളം മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഒരു കാര്‍ഡിയോളജിസ്റ്റ് പോലുമില്ലാതെ അടുത്തകാലം വരെ പ്രവര്‍ത്തിച്ചിരുന്ന എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍കോളജിന് ഇത് തീര്‍ച്ചയായും അഭിമാന മുഹൂര്‍ത്തം. അതി നൂതന സാങ്കേതികവിദ്യയോടു കൂടിയ ജിഇ ഐജിഎസ് 520 അമേരിക്കന്‍ നിര്‍മിത കാത്ത്‌ ലാബും കാത്ത് ഐസിയുമാണ് ഇവിടെ പ്രവര്‍ത്തനമാരംഭിച്ചത്. ഹൃദ്രോഗചികിത്സാരംഗത്തെ അത്യാധുനിക ചികിത്സയെല്ലാം സര്‍ക്കാര്‍ നിരക്കില്‍ രോഗികള്‍ക്ക് ലഭ്യമാകും. സ്വകാര്യ ആശുപത്രികള്‍ ചികിത്സാനിരക്ക് കുറയ്ക്കുന്നതിന് ഇത് ഇടയാക്കുമെന്ന് കാത്ത് ലാബ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇന്ന് തറക്കല്ലിട്ട മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റേയും മാതൃശിശു സംരക്ഷണകേന്ദ്രത്തിന്റേയും നിര്‍മാണം 2020ഒാടെ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തീവ്രപരിചരണവിഭാഗത്തിലും, വാര്‍ഡുകളിലുമായി 683 കിടക്കകളും, 14 ഒാപ്പറേഷന്‍ തിയേറ്ററുകളുമാണ് 8 നിലകളിലായുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി സമുച്ചയത്തിലുണ്ടാവുക. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മാണ ചുമതല ഇന്‍കെലിനാണ്. രണ്ടായിരത്തി ഇരുപതോടെ കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് ഇന്‍കെല്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ആരോഗ്യമന്ത്രിയും പറഞ്ഞു.

MORE IN CENTRAL
SHOW MORE