കൊച്ചി വൈപ്പിൻ പള്ളിപ്പുറം കോട്ടയുടെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിൽ. നിർമാണ സമാഗ്രികൾ ദൗർലഭ്യം ചൂണ്ടിക്കാണിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുന്നത്.
നീണ്ട കാലത്തെ മുറവിളികൾക്ക് ഒടുവിലാണ് പള്ളിപ്പുറം കോട്ടയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങൾ വലിയ കാലതാമസം ഇല്ലാതെ പൂർത്തിയായിരുന്നു. കോട്ടയുടെ പുനരുദ്ധാരണവും സന്ദർശകർക്കുള്ള അവശ്യ സൌകര്യങ്ങളുമാണ് ഒന്നാം ഘട്ട നവീകരണത്തിൻറെ ഭാഗമായി നടപ്പിലാക്കിയത്.
കോട്ടയോട് ചേർന്നുള്ള കുളത്തിൻറെ പുനരുദ്ധാരണമായിരുന്നു രണ്ടാം ഘട്ട നവീകരണത്തില പ്രധാന പ്രവർത്തി. കുളത്തിൻറെ വശങ്ങൾ കെട്ടി, ചുറ്റും നടപ്പാത നിർമിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇത് ഇതുവരെയും നടപ്പായിട്ടില്ല. മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായ നിലയിലാണ് കുളം. നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവാണ് പണികൾ വൈകാനുള്ള കാരണമായി പറയുന്നത്. എന്നാൽ ഇപ്പോൾ ഈ സാഹചര്യം മാറിയെന്ന് നാട്ടുകാർ പറയുന്നു.
1503ൽ പോർച്ചുഗീസുകാരാണ് പള്ളിപ്പുറം കോട്ട നിർമിച്ചത്. 1909ൽ പുരാവസ്തു കേന്ദ്രമായി പ്രഖ്യാപിച്ച് തിരുവിതാംകൂർ ഭരണകൂടം കോട്ട ഏറ്റെടുക്കുകയായിരുന്നു. പിന്നീട് കോട്ട പുരാവസ്തു വകുപ്പിൻറെ കൈയിലെത്തി. പുരാവസ്തു വകുപ്പിൻറെ അനാസ്ഥയാണ് കോട്ടയുടെ നവീകരണം വൈകിക്കുന്നതെന്നാണ് ആക്ഷേപം.