പ്രളയം തകര്‍ത്ത ക്ലാസ്മുറികളില്‍ വര്‍ണച്ചിത്രങ്ങളൊരുക്കി ടെക്കികള്‍

പ്രളയം തകര്‍ത്ത ക്ലാസ്മുറികളില്‍ വര്‍ണച്ചിത്രങ്ങളൊരുക്കി ഐടി പ്രഫഷണലുകള്‍. വടക്കന്‍ പറവൂര്‍ ചാലാക്ക ഗവണ്‍മെന്റ് എല്‍പി സ്കൂളിലെ ക്ലാസ് മുറികളാണ് ഇന്‍ഫോപാര്‍ക്കില്‍ നിന്നെത്തിയ ടെക്കികള്‍ വര്‍ണാഭമാക്കിയത്.

അമേരിക്കയിലെ വന്‍കിട കമ്പനികള്‍ക്കായി കമ്പ്യൂട്ടര്‍ ഗെയിമുകള്‍ ഒരുക്കുന്ന ഐടി പ്രഫഷണലുകളാണിവര്‍. പ്രളയം തകര്‍ത്ത നാട്ടിന്‍പുറത്തെ സര്‍ക്കാര്‍ സ്കൂളിന് കൈത്താങ്ങാകാനാണ് ചിത്രകാരന്മാര്‍കൂടിയായ ഇവര്‍ ഒത്തുചേര്‍ന്നത്. നവകേരള നിര്‍മിതിക്കായി നാടൊന്നാകെ കൈകോര്‍ത്തപ്പോള്‍ അതിന്റെ ഭാഗമാകണമെന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഈ ആശയം പിറവിയെടുത്തത്. വെള്ളപ്പൊക്കം ഏറെ കെടുതികള്‍ വരുത്തിയ വടക്കന്‍ പറവൂര്‍ കുന്നുകര പഞ്ചായത്തിലെ ചാലാക്ക സര്‍ക്കാര്‍ യുപി സ്കൂളാണ് ഇവര്‍ തിരഞ്ഞെടുത്തത്. ഇന്‍ഫോപാര്‍ക്കില്‍ റൂബി സെവന്‍സ് സ്റ്റുഡിയോസ് എന്ന ഗെയിം ഡെവലപ്മെന്റ് കമ്പനിയോടൊപ്പം എറണാകുളത്തെ റൗണ്ട് ടേബിള്‍ റ്റുവണ്‍ഫോര്‍ എന്ന സംഘടനയും കൈകോര്‍ത്തപ്പോള്‍ പദ്ധതി യാഥാര്‍ഥ്യമാവുകയായിരുന്നു.

എല്‍കെജി, യുകെജി വിദ്യാര്‍ഥികള്‍ക്കായി ക്ലാസ് മുറികളില്‍ പക്ഷിമൃഗാദികളേയും മല്‍സ്യങ്ങളേയും വരകളാല്‍ ഇവര്‍ പുനര്‍സൃഷ്ടിച്ചു. കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച്, അവര്‍ക്കായി ഗെയിംഷോയും ഒരുക്കിയശേഷമാണ് സംഘം മടങ്ങിയത്. സ്കൂളിനായി ചെറുസഹായം ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഐടി പ്രഫഷണലുകള്‍ പറഞ്ഞു.