ചെമ്പൈ സംഗീതോൽസവ വേദിയെ ധന്യമാക്കി പഞ്ചരത്നകീർത്തനാലാപനം

ഗുരുവായൂര്‍ ചെമ്പൈ സംഗീതോല്‍സവ വേദിയില്‍ പഞ്ചരത്നകീര്‍ത്തനാലാപനം അരങ്ങേറി. കര്‍ണാടക സംഗീതത്തിലെ നൂറോളം സംഗീതഞ്ജര്‍ ഒന്നിച്ചായിരുന്നു കീര്‍ത്തനം പാടിയത്. ചെമ്പൈ സംഗീതോല്‍സവ വേദിയെ ധന്യമാക്കി പഞ്ചരത്നകീര്‍ത്തനാലാപനം നടന്നു. ത്യാഗരാജസ്വാമികളുടെ അഞ്ചു കീര്‍ത്തനങ്ങള്‍ വേദിയില്‍ മുഴങ്ങി. ഒരു മണിക്കൂറോളം കീര്‍ത്തനാലാപനം നീണ്ടുനിന്നു. രണ്ടാഴ്ചയായി ഗുരുവായൂര്‍ മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ചെമ്പൈ സംഗീതോല്‍സവം നടന്നു വരികയായിരുന്നു. 

മൂവായിരത്തോളം പേര്‍ സംഗീത വേദിയില്‍ പാടാനെത്തി. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ ഓര്‍മദിനവും ആചരിച്ചു. തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായി ആനകള്‍ എത്തി. ഗജരത്നം ഗുരുവായൂര്‍ പത്മനാഭവന്‍, കേശവന്റെ ഛായാചിത്രം വഹിച്ചു.

കുട്ടിക്കൊമ്പന്‍ ബലറാം ഗുരുവായൂരപ്പന്റേയും ഛായാചിത്രം കൊണ്ടുവന്നു. ദേവസ്വത്തിലെ പതിനേഴ് ആനകള്‍ അനുഗമിച്ചു. കേശവ പ്രതിമക്കു മുമ്പില്‍ പുഷ്പചക്രം അര്‍പ്പിച്ച് ആനകള്‍ തുമ്പിക്കൈ ഉയര്‍ത്തി. ദേവസ്വം ഭരണസമിതി അംഗങ്ങളും പുഷ്പാര്‍ച്ചന നടത്തി. ആനകള്‍ക്കായി വിഭവസമൃദ്ധമായ ഊട്ടും ഒരുക്കിയിരുന്നു.