സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.ടി.യുസി

aituc
SHARE

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍, പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുകയാണെന്ന രൂക്ഷവിമര്‍ശനവുമായി എ.ഐ.ടി.യുസി ആലപ്പുഴ ജില്ലാസമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്. സിപിഎം മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിക്കുന്നതാണ് റിപ്പോര്‍ട്ട്. വ്യവസായങ്ങളുടെ ശവപറമ്പായി ആലപ്പുഴ ജില്ല മാറിയെന്നും സര്‍ക്കാരിന്റെ വികലമായ നയം, പരമ്പരാഗത വ്യവസായമേഖലകളെ താറുമാറാക്കിയെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് അടിവരയിടുന്നു.   

എൽ.ഡി.എഫ് വരും എല്ലാം ശരിയാകുമെന്ന മുദ്രാവാക്യവുമായി അധികാരത്തിലേറിയ സർക്കാരിൽ തൊഴിലാളികൾക്ക്  വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ സർക്കാരിന്റെ നടപടികൾ പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങുകയാണ്. ആലപ്പുഴ വ്യവസായങ്ങളുടെ ശവപറമ്പായി മാറുന്നു . ആധുനിക, പരമ്പരാഗത, അസംഘടിതവ്യവസായങ്ങൾ ഇന്ന് പ്രതിസന്ധിയിലാണ്. ജില്ലയിലെ വ്യവസായശാലകൾ പൂട്ടപ്പെടുകയോ അടച്ചുപൂട്ടൽ ഭീഷണിയിലോ ആണ്. എ.ഐ.ടി.യുസിയുടെ ജില്ലാസമ്മേളനത്തിലെ പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരായ വിലയിരുത്തല്‍ ഇങ്ങനെ തുടരുന്നു. മദ്യവ്യവസായം  തഴച്ചു വളരുമ്പോഴും വാരനാട്ടെ മാക്ഡവൽ അടച്ചു പൂട്ടി.

കോമളപുരം സ്പിന്നിംഗ് മില്ലിലെ തൊഴിലാളികൾക്ക് കുറഞ്ഞ കൂലിനൽകുന്നു. ടെക്സ്റ്റയിൽ വകുപ്പും വ്യവസായ, ധനവകുപ്പുകളും ഇക്കാര്യത്തിൽ അപഹാസ്യമായ ഒളിച്ചുകളിയാണ് നടത്തുന്നത്. ആരോഗ്യമേഖല തഴച്ചു വളരുമ്പോഴും കെ.എസ്.ഡി.പി മരണശയ്യയിലാണ്. ഇവിടെ എ.ഐ.ടി.യു.സി തൊഴിലാളികളെ സി.ഐ.റ്റി.യു.ക്കാരും മാനേജുമെന്റും ഭീഷണിപ്പെടുത്തുകയും തൊഴിൽ നിഷേധിക്കുകയും ചെയ്യുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ പങ്കെടുത്ത സമ്മേളനത്തിലാണ് ജില്ലാസെക്രട്ടറി വി.മോഹന്‍ദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

MORE IN CENTRAL
SHOW MORE