TAGS

തൃശൂര്‍ വലപ്പാട് ആനവിഴുങ്ങിയില്‍ ദേശീപാത വികസനത്തിന്  ഭൂമി ഏറ്റെടുക്കുന്നതിനെ ചൊല്ലി പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് നടപടിക്കെതിരെ നാളെ വലപ്പാട് പഞ്ചായത്തില്‍ സമരക്കാര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. 

തൃശൂര്‍ ആനവിഴുങ്ങി ബൈപാസില്‍ കഴിഞ്ഞ 96 ദിവസമായി നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ആനവിഴുങ്ങി കോളനി ഒന്നാകെ തുടച്ചുനീക്കുന്ന അലൈന്‍മെന്റ് മാറ്റണമെന്നാണ് ആവശ്യം. ഭൂമി അളക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ സ്ത്രീകളുടെ നേതൃത്വത്തില്‍ അന്‍പതു പേര്‍ തടഞ്ഞു. അളവെടുപ്പ് അനിവാര്യമാണെന്ന് പൊലീസ് അറിയിച്ചു. എത്ര വീടുകള്‍ പൊളിച്ചു മാറ്റേണ്ടി വരുമെന്ന് അളവെടുപ്പിന് ശേഷം പറയാമെന്നായിരുന്നു പൊലീസിന്റെ നിലപാട്. എന്നാല്‍, പ്രതിഷേധക്കാര്‍ പിന്നോട്ടില്ലായിരുന്നു. ഇതോടെ പൊലീസ് ബലംപ്രയോഗിച്ചു. സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി.

പ്രതിഷേധം അടങ്ങിയതോടെ ഭൂമി അളക്കല്‍ പൂര്‍ത്തിയാക്കി. പതിനൊന്നു വീടുകള്‍ പൊളിച്ചു മാറ്റേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനിടെ, അറസ്റ്റിലായ സമരക്കാരില്‍ നാലു പേരെ ദേഹാസാസ്ഥ്യംമൂലം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ആക്ഷന്‍ കമ്മിറ്റി വലപ്പാട് പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.