landslide

കോതമംഗലം ചെമ്പൻകുഴിയിൽ കഴിഞ്ഞദിവസം ഉണ്ടായ ഉരുള്‍പൊട്ടലിന്റെ ഭീതിയൊഴിയാതെ നാട്ടുകാര്‍. ഏതാനും കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വനത്തിനുള്ളിൽ നിന്ന് വൻ മരങ്ങളും കൂറ്റൻ പാറക്കല്ലുകളും ഒഴുകിയെത്തി ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ് നശിച്ചിരിക്കുന്നത്.  

ബുധനാഴ്ച വൈകിട്ടോടെ തുടങ്ങിയ ശക്തമായ മഴ രാത്രി വൈകി വരെ നീണ്ടു നിന്നിരുന്നു. ഇതിനിടയിലാണ് ചെമ്പൻകുഴി വനത്തിൽ ഉരുൾപൊട്ടി കൂറ്റൻ പാറകളും വൻ മരങ്ങളും ജനവാസ മേഖലയിലേക്ക് പതിച്ചത്. 

കൊച്ചുതൊട്ടിയിൽ സണ്ണിയുടെ വീടും തൊഴുത്തും ഭാഗികമായി തകർന്നു. തൊഴുത്തിലുണ്ടായിരുന്ന കന്നുകാലികള്‍ ഒഴുക്കിൽപ്പെട്ട് ചത്തു. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ 150 മീറ്റർ താഴെ തോടിനു കുറുകെയുള്ള നടപ്പാലത്തിൽ തങ്ങിനിൽക്കുകയാണ്. ഏതാനും കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചെളിയും വെള്ളവും കയറി ഏതാനും വീടുകൾ വാസയോഗ്യമല്ലാതായി. ഇനിയും ഉരുൾപൊട്ടൽ ഉണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. ഇനിയും ഉരുൾപൊട്ടൽ സാധ്യതയുണ്ടോ എന്ന് വിദഗ്ദ്ധ സംഘം എത്തി പരിശോധന നടത്തുമെന്നും അർഹരായവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും ദുരന്ത സ്ഥലം സന്ദർശിച്ച ആന്റണി ജോൺ MLA പറഞ്ഞു.