മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ രേഖാചിത്രങ്ങള്‍ ആലുവ റയില്‍വേ സ്റ്റേഷനില്‍ ഒരുങ്ങുന്നു. പതിനഞ്ച് കലാകാരന്മാര്‍ ചേര്‍ന്നാണ് റയില്‍വേ സ്റ്റേഷനിലെ ചുവരുകളില്‍ ഗാന്ധിസ്മരണകള്‍ രേഖപ്പെടുത്തുന്നത്. ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ആലുവ റയില്‍വേ സ്റ്റേഷനില്‍ കലാകാരന്മാര്‍ ദൃശ്യവിരുന്ന് ഒരുക്കുന്നത്. ജനനം, കസ്തൂര്‍ബയുമായുള്ള വിവാഹം, ദക്ഷിണാഫ്രിക്കന്‍ ജീവിതം, സ്വാതന്ത്ര്യ സമരം തുടങ്ങി ഗാന്ധിജിയുടെ സംഭവബഹുലമായ ജീവിതം ചിത്രങ്ങളായി പകര്‍ത്തുകയാണ് ഇവിടെ.
നൂറ്റിയമ്പത് രേഖാചിത്രങ്ങളാണ് റയില്‍വേ സ്റ്റേഷനിലെ പ്രധാന വിശ്രമമുറിയില്‍ വരയ്ക്കുക. അടുത്തമാസം ഒന്നുവരെ, ഒരുമാസം നീളുന്ന രചനയാണ് കലാകാരന്മാര്‍ ആസൂത്രണം ചെയ്യുന്നത്. കാര്‍ട്ടൂണിസ്റ്റായ ഇബ്രാഹിം ബാദുഷയുടെ നേതൃത്വത്തില്‍ പതിനഞ്ച് കലാകാരന്മാരാണ് ഈ ഉദ്യമത്തിനു പിന്നില്‍. കാര്‍ട്ടൂണിസ്റ്റ് കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.