ഇടുക്കിയില്‍ കാട്ടാന ആക്രമണം രൂക്ഷം; നടപടിയെടുക്കാതെ വനം വകുപ്പ്

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ മനുഷ്യജീവന്‍ പൊലിയുന്നത് നിത്യ സംഭവമായിട്ടും നടപടിയെടുക്കാതെ വനം വകുപ്പ്.  വന്യമൃഗശല്യം തടയാന്‍  പണം നീക്കിവെക്കുന്നുണ്ടെങ്കിലും വിനിയോഗിക്കുന്നില്ലെന്നാണ്  നാട്ടുകാരുടെ ആരോപണം. ജില്ലയില്‍ കഴിഞ്ഞ 8 മാസത്തിനിടെ നാല്പേരെയാണ് കാട്ടാന കൊന്നത്.

കൊലവിളിയുമായി കാടിറങ്ങുന്ന കരിവീരന്മാര്‍ ഹൈറേഞ്ചില്‍ അപഹരിച്ച മനുഷ്യ ജീവനുകളുടെ എണ്ണം 2010ന് ശേഷം 28. അതില്‍ ഏറ്റവും ഒടുവിലത്തെ ഇരയാണ് കഴിഞ്ഞ ദിവസം കാട്ടാന അക്രമണത്തില്‍ മരിച്ച പുതുപ്പാറ എസ്റ്റേറ്റ് വാച്ചര്‍ മുത്തയ്യ. ഓരോ മരണവും ഉണ്ടാകുന്ന സമയത്ത് ശക്തമായ പ്രതിക്ഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തും. അപ്പോളെല്ലാം  അപകടകാരിയായ കാട്ടുകൊമ്പനെ കാട്കയറ്റുന്നതിന്  നടപടി സ്വീകരിക്കുമെന്ന ഉറപ്പ് നല്‍കി വനംവകുപ്പ് തടിയൂരൂം.   ഏക്കറ് കണക്കിന് കൃഷിയിടവും, വീടുകളും കാട്ടാന ആക്രമണത്തില്‍ നശിച്ചിട്ടുണ്ട്.  ഇടുക്കി പൂപ്പാറ ശാന്തന്‍പാറ മറയൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാട്ടാനയാക്രമണങ്ങള്‍ ഉണ്ടായത്.

കാട്ടാനക്കലിയില്‍ നിന്ന് എങ്ങനെ രക്ഷപെടുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് നാട്ടുകാര്‍. നിലവില്‍ കാട്ടാനയെ നിരീക്ഷിക്കുന്നതിന് വാച്ചര്‍മാറെ നിയമിച്ചിട്ടുണ്ടെങ്കിലും, പ്രയോജനമുണ്ടായിട്ടില്ല.