അഭിമന്യുവിന് ആദരമര്‍പ്പിച്ച് പൂര്‍വവിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു

കൊല്ലപ്പെട്ട അഭിമന്യുവിന് ആദരമര്‍പ്പിച്ച് മഹാരാജാസ് കോളജിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു. മതരാഷ്ട്രീയത്തിന്റെ ഇരയായിരുന്നു അഭിമന്യുവെന്ന് പ്രഫസര്‍ എം.കെ.സാനു പറഞ്ഞു

കലാലയ രാഷ്ട്രീയവും, അഭിമന്യുവിന്റെ സ്വപ്നങ്ങളും ചര്‍ച്ചയായ അനുസ്മരണ യോഗത്തില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.  മാറിവരുന്ന കലാലയ രാഷ്ട്രീയത്തിന്റെ സ്വഭാവത്തെക്കുറിച്ചാണ് ഉദ്ഘാടകനായിരുന്ന പ്രഫസര്‍ എം കെ സാനു പറഞ്ഞത്. ഒരിക്കല്‍ തന്നെ കാണാന്‍ വന്ന അഭിമന്യുവിനെ മഹാരാജാസിലെ മുന്‍ അധ്യാപകന്‍ കൂടിയായ അദ്ദേഹം ഓര്‍ത്തെടുത്തു.

കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, സുനില്‍ പി ഇളയിടം തുടങ്ങിയ പൂര്‍വവിദ്യാര്‍ഥികള്‍ക്കൊപ്പം മഹാരാജാസ് കോളജ് വി‍ദ്യാര്‍ഥികളും അധ്യാപകരും ചടങ്ങിനെത്തി. അഭിമന്യുവിന്റെ സ്മരണ പുതുക്കിയ ചടങ്ങില്‍ പുതിയ കോളജ് യൂണിയന്‍ ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി.