വിവാഹഫാഷനിൽ പുതുസ്വപ്നങ്ങളേകി എം ഫോർ മാരി വെഡിങ് വീക്കിന് സമാപനം

കേരളത്തിന് വിവാഹ വസ്ത്രങ്ങളുടെ പുതുഫാഷൻ സ്വപ്നങ്ങൾ സമ്മാനിച്ച് എം ഫോർ മാരി വെഡിങ് വീക്കിന് സമാപനം. പ്രശസ്ത ഫാഷൻ ഡിസൈനർ ഗൌരവ് ഗുപ്ത ഒരുക്കിയ ഡിസൈനുകളായിരുന്നു അവസാന ദിവസത്തെ ആകർഷണം.

ഭാരതീയ, പാശ്ചാത്യ സംസ്കാരങ്ങൾ ഇഴ ചേർത്തു കൊണ്ടുള്ള മനോഹര ഗൌണുകളുമായാണ് ഗൌരവ് ഗുപ്ത കൊച്ചിയുടെ മനം കവർന്നത്. കടുംനിറങ്ങളിലുള്ള ഗൌണുകളാണ് ഗൌരവ് ഗുപ്ത ഒരുക്കിയത്. ക്രിസ്റ്റൽ, സ്റ്റോൺ, എംബ്രോയഡറി വർക്കുകൾ ഗൌണുകളുടെ മനോഹാരിത കൂട്ടി.

അർച്ചന അകിൽകുമാർ, ലക്ഷ്മി റാണ, സൊനാലിക സഹായ്, ഐശ്വര്യ സുസ്മിത തുടങ്ങിയ പ്രശസ്ത മോഡലുകളാണ് ഗൌരവ് ഗുപ്ത ഡിസൈൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞ് റാംപിൽ ചുവട് വച്ചത്. പ്രശസ്ത ഹെയർ സ്റ്റൈലിസ്റ്റ് അംബിക പിള്ളയാണ് റാംപിൽ ചുവട് വച്ച മോഡലുകളുടെ കേശാലങ്കാരം ഒരുക്കിയത്.

എം ഫോർമാരി വെഡിങ് വീക്കിൻറെ ടിക്കറ്റ് വിൽപനയിൽ നിന്ന് ലഭിച്ച വരുമാനം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.