വാഗമണ്‍ ഡിസി കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങില്‍ വിദ്യാര്‍ഥിക്ക് പരുക്ക്

വാഗമണ്‍ ഡിസി കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിക്ക് പരുക്ക്. കൊല്ലം സ്വദേശി അതുല്‍ മോഹനെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ ആക്രമിച്ചത്. അതുലിന്‍റെ പരാതിയില്‍ കോളജിലെ നാല് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ റാഗിങ്ങിന് വാഗമണ്‍ പൊലീസ് കേസെടുത്തു. 

ഡിസി കോളജില്‍ ഒന്നാംവര്‍ഷ ബി കോം വിദ്യാര്‍ഥിയാണ് ആശുപത്രിയില്‍ കഴിയുന്ന അതുല്‍ മോഹന്‍. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥികളായ ഇമ്മാനുവല്‍, ബിബിന്‍, നിഖില്‍, ബെന്‍ എന്നിവര്‍ക്കെതിരെയാണ് വാഗമണ്‍ പൊലീസ് കേസെടുത്തത്. റാഗിങ്ങില്‍ നിന്ന് രക്ഷപ്പെടാന്‍ അപസ്മാര രോഗിയാണെന്ന് അതുല്‍ സീനിയര്‍ വിദ്യാര്‍ഥികളെ അറിയിച്ചു. ഇത് കള്ളമാണെന്ന്  മനസിലാക്കിയ സീനിയര്‍ വിദ്യാര്‍ഥികള്‍ അതുലിനെ മൂന്ന് ദിവസം മുന്‍പ് വളഞ്ഞു ക്രൂരമായി മര്‍ദിച്ചു. ബുധനാഴ്ച ഉച്ചയോടെ ഹോസ്റ്റലില്‍ എത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ അതുലിനെ പുറത്തേക്ക് വലിച്ചിറക്കി. മര്‍ദിക്കാനുള്ള ശ്രമം തടഞ്ഞതോടെ പ്രകോപിതരായ സീനിയര്‍ വിദ്യാര്‍ഥികള്‍ കമ്പിവടി ഉപയോഗിച്ച് കാലില്‍ തുടര്‍ച്ചയായി അടിച്ചുവെന്നാണ് അതുലിന്‍റെ മൊഴി. 

ഈരാറ്റുപേട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അതുല്‍ വീട്ടിലേക്ക് മടങ്ങി. അതുലിന് പുറമെ കോളജിലെ മറ്റു വിദ്യാര്‍ഥികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. 

കോളജിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിനിരയായിട്ടുണ്ടെന്നും പലരും ഭയന്ന് പുറത്തുപറയാത്തതാണെന്നും മൊഴി ലഭിച്ചിട്ടുണ്ട്.