നെട്ടൂര്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ കടമുറികള്‍ മറിച്ചുകൊടുത്ത് റിയല്‍ എസ്റ്റേറ്റ് ലോബി വ്യാപക കൊള്ള നടത്തുന്നതായി ആരോപണം. സര്‍ക്കാരില്‍നിന്ന് വാടകയ്ക്കെടുത്ത കടമുറികള്‍ മറിച്ചുകൊടുക്കുന്നതിനെതിരെ പരാതി ഉയര്‍ന്നിട്ടും നടപടികളില്ല.
എഴുപതോളം കടമുറികളാണ് നെട്ടൂര്‍ മാര്‍ക്കറ്റിലുള്ളത്. പതിനായിരവും പതിനയ്യായിരവുമൊക്കെയാണ് പലതിന്റെയും വാടക. എന്നാല്‍ ഇതേ കടമുറികള്‍ വാടകയ്ക്കെടുത്ത പലരും നാല്‍പതിനായിരം രൂപയ്ക്കുവരെ മറിച്ചുനല്‍കി പണംതട്ടുന്നുവെന്നാണ് ആരോപണം. പലരും തന്നെ ഒന്നിലധികം കടമുറികള്‍ വാടകയ്ക്കെടുത്ത് മറിച്ചുനല്‍കിയും വര്‍ഷങ്ങളായി തട്ടിപ്പ് തുടരുന്നുണ്ട്. മാസംതോറും ഇത്തരത്തില്‍ പലരും ലക്ഷങ്ങളുണ്ടാക്കുന്നു.
കലക്ടറും, ജനപ്രതിനിധികളും, കൃഷി വകുപ്പ് ഉദ്ദ്യോഗസ്ഥരും അടക്കമുള്ളവര്‍ അംഗങ്ങളായുള്ള മാര്‍ക്കറ്റ് അതോറിറ്റിയുടെ കമ്മറ്റിയില്‍ ഈ വിഷയം ഉന്നയിച്ചിട്ടും നടപടികളുണ്ടായില്ല. അന്വേഷണം പകുതിവഴിയില്‍ നിലച്ചു. ഈകാര്യത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്നാണ് കര്‍ഷകരുടേയും മറ്റ് കച്ചവടക്കാരുടേയും ആവശ്യം