കായികലോകത്ത് ശബ്ദവും ഭാഷയും പ്രശ്നമല്ലെന്ന് തെളിയിച്ച് വിദ്യാര്‍ഥികള്‍‌

കയ്യടികൾക്കും ആരവങ്ങൾക്കും കാതോർക്കാനാവില്ലെങ്കിലും കായികരംഗത്ത് പുതിയ കുതിപ്പിനൊരുങ്ങുകയാണ് അങ്കമാലി കാലടിക്കടുത്തുള്ള മാണിക്യമംഗലം സെന്റ് ക്ലെയർ ഓറൽ സ്കൂൾ ഫോർ ഡെഫ് വിദ്യാര്‍ഥികള്‍. രാജ്യാന്തര മല്‍സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്കൂളില്‍ സംഘടിപ്പിച്ച പരിശീലന ക്യാംപില്‍ അറുപത് കുട്ടികളാണ് പങ്കെടുക്കുന്നത്. 

കായികലോകത്ത് ശബ്ദവും ഭാഷയും പ്രശ്നമല്ല എന്ന് ഇവർ തെളിയിച്ചു കഴിഞ്ഞു. വിവിധ ഇനങ്ങളില്‍ മെഡല്‍ നേടിയവരും അവരിൽ നിന്ന് പ്രചോദനമുൾക്കൊണ്ടവരുമായ കുട്ടികളാണ് പരിശീലന ക്യാംപിൽ പങ്കെടുക്കുന്നത്. കോതമംഗലത്തെ സ്വകാര്യ കോളജിൽ പരിശീലനത്തിന് നേതൃത്വം നൽകുന്ന പി.പി.പോളാണ് ക്യാംപ് നയിക്കുന്നത്. ശബ്ദമില്ലാത്ത ലോകത്ത് പരിശീലകനും വിദ്യാർഥികളും സ്പോര്‍ട്സിന്റെ ഭാഷയിലൂടെ പരസ്പരം മനസ്സിലാക്കുന്നു. 

സ്കൂളിൽ ഇതാദ്യമായാണ് കായികപരിശീലന ക്യാംപ് സംഘടിപ്പിക്കുന്നത്. കായിക പരിശീലനം വഴി കുട്ടികൾ കുടുതൽ അച്ചടക്കമുള്ളവരായെന്നു സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫിൻസിറ്റ പറയുന്നു.

കായികരംഗത്ത് മികവുതെളിയിച്ച് നല്ല ജോലി കണ്ടെത്തുകയും വിദ്യാര്‍ഥികളുടെ ലക്ഷ്യങ്ങളിലൊന്നാണ്

കഴിഞ്ഞവർഷം ദേശീയ സ്പെഷൽ സ്കൂൾ അത്‌ലറ്റിക്സിൽ കേരളം ഓവറോൾ ചാംപ്യന്മാരായപ്പോൾ മുഖ്യസംഭാവന സെന്റ് ക്ലെയറിലെ വിദ്യാർഥികളുടേതായിരുന്നു.