എറിയാട് കടല്‍ഭിത്തി പ്രശ്നത്തില്‍ ജനപ്രതിനിധികൾ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം

കൊടുങ്ങല്ലൂര്‍ എറിയാട് ജനതയുടെ കണ്ണീരൊപ്പാന്‍ എം.പിയും എം.എല്‍.എയും ആത്മാര്‍ഥമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. സ്ഥലം എം.പിയായ ഇന്നസെന്റിനെ പലതവണ വിളിച്ചെങ്കിലും ഇതുവരെ സ്ഥലത്തെത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. പ്രതിഷേധസൂചകമായി എറിയാട് പഞ്ചായത്തില്‍ യുഡിഎഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. 

എറിയാട് കടല്‍ഭിത്തിയില്ലാത്ത പ്രശ്നത്തില്‍ ഉദ്യോഗസ്ഥരെ പലപ്പോഴും തടഞ്ഞുവച്ചിരുന്നു. ജനപ്രതിനിധികളോട് പലപ്പോഴും ജനരോഷം രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ നാട്ടുകാരെ അഭിമുഖീകരിക്കാന്‍ ജനപ്രതിനിധികളും മടിച്ചു. കടല്‍ഭിത്തി കെട്ടാനുള്ള കൂറ്റന്‍ കല്ലുകള്‍ക്കുള്ള ക്ഷാമമുണ്ടെന്ന കാരണമൊന്നും നാട്ടുകാരെ തണുപ്പിച്ചുമില്ല. കടല്‍ കയറി വീടുകള്‍ വിഴുങ്ങിയതോടെ നാട്ടുകാര്‍ മതവും രാഷ്ട്രീയവും മറന്ന് സംഘടിച്ചു. നിലവില്‍, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളുകളേയും നാട്ടുകാര്‍ അംഗീകരിക്കാതെവന്നു. കാരണം, കഴിഞ്ഞ കുറേവര്‍ഷങ്ങളായി വാഗ്ദാനങ്ങളല്ലാതെ ഇവര്‍ക്ക് മറ്റൊന്നും കിട്ടുന്നില്ല. പ്രവാസികള്‍ നിരവധി പേര്‍ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കി. പക്ഷേ, ഈ സാഹയങ്ങളൊന്നും എത്തേണ്ടിടത്ത് എത്തിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പുലിമുട്ട് നിര്‍മാണം തുടങ്ങാതെ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറാന്‍ ഇവര്‍ ഒരുക്കമല്ല. കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുകയാണ് എറിയാട് ജനത. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ കടലോരാവാസികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ വഴി തേടുകയാണ് ജനപ്രതിനിധികളും.