thiruvalla-ambalappuzha-road

തിരുവല്ല– അമ്പലപ്പുഴ സംസ്ഥാന പാതയിലെ വൈദ്യുത പോസ്റ്റുകളും താഴ്ന്നുകിടക്കുന്ന വൈദ്യുത ലൈനുകളും മാറ്റി സ്ഥാപിക്കാന്‍ നടപടിയെടുക്കാതെ അധികൃതര്‍ . വൈദ്യുതി ബോര്‍ഡും പൊതുമരാമത്ത് വകുപ്പും തമ്മില്‍ ഏകോപനമില്ലാത്തതാണ് നടപടി വൈകാന്‍ കാരണം. 

ആലപ്പുഴ എടത്വായില്‍ കഴിഞ്ഞ ബുധനാഴ്ച തമിഴ്നാട് തെങ്കാശി സ്വദേശി ഷോക്കേറ്റ് മരിക്കാന്‍ കാരണം അപകടകരമായ രീതിയില്‍ താഴ്ന്നുനിന്നിരുന്ന വൈദ്യുത ലൈന്‍ ലോറിയില്‍ മുട്ടിയതായിരുന്നു. അടുത്തിടെ ഉയരംകൂട്ടി നവീകരിച്ച തിരുവല്ല– അമ്പലപ്പുഴ സംസ്ഥാനപാതയിലായിരുന്നു അപകടം. പലസ്ഥലത്തും ഒരു മീറ്ററിലേറെ പാത ഉയര്‍ന്നതോടെ വൈദ്യുത ലൈനും റോഡുമായി നിഷ്കര്‍ഷിച്ചിരിക്കുന്ന അഞ്ചരമീറ്റര്‍ ഉയരവ്യത്യാസം ഇല്ലാതായി. അപകടമുണ്ടായ സ്ഥലത്ത് മൂന്നരമീറ്റര്‍ മാത്രമായിരുന്നു ഉയരവ്യത്യാസം. നിലവില്‍ ഈ പാതയിലെ പകുതിയിലേറെ സ്ഥലത്തും വൈദ്യുത ലൈനുകള്‍ താഴ്ന്നുകിടക്കുന്നതിനാല്‍ അപകടമുണ്ടാകുന്നുണ്ടെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

മന്ത്രി ജി.സുധാകരന്‍റെ മണ്ഡലത്തില്‍പ്പെടുന്ന കണിയാമുക്കുവരെയുള്ള ലൈന്‍ കൃത്യമായി മാറ്റി സ്ഥാപിച്ചിട്ടുണ്ട്. അതേസമയം പച്ച പാലംമുതല്‍ അപകടം നടന്ന എടത്വാ വരെയുള്ള ഭാഗത്തെ പണികള്‍ക്കായി 23 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കെ.എസ്.ഇ.ബി നല്‍കിയെങ്കിലും പൊതുമരാമത്ത് വകുപ്പ് അനങ്ങിയിട്ടില്ല. ലൈനുകള്‍ ഇനി മാറ്റി സ്ഥാപിക്കുമ്പോള്‍ ആദ്യഘട്ട ടാറിങ് കഴിഞ്ഞ റോഡിനുണ്ടാകാവുന്ന നാശവും അധികൃതര്‍ക്ക് തലവേദനയാണ്.