വൃത്തിഹീനമായ പ്രവർത്തനം; പശു ഫാം നിർത്തലാക്കാൻ ആവശ്യം

ആലപ്പുഴ ചെറിയനാട് പഞ്ചായത്തിൽ വൃത്തിഹീനമായ സാഹചര്യത്തിൽ  പ്രവർത്തിക്കുന്ന പശു ഫാം നിർത്തലാക്കണമെന്ന ആവശ്യവുമായി നാട്ടുകാരുടെ പ്രതിഷേധം.

ചെറിയനാട് പഞ്ചായത്ത് നാലാംവാർഡിലെ ഫാമിൽനിന്നുള്ള മാലിന്യം അസഹനീയമായതോടെയാണ് നാട്ടുകാർ ഫാമിന്റെ പ്രവർത്തനം തടഞ്ഞത്. മാലിന്യ സംസ്കരണ സംവിധാനമില്ലാതെ എട്ടുവർഷമായി പ്രവർത്തിക്കുന്ന ഫാമിൽ നിന്നുള്ള മാലിന്യം തൊട്ടടുത്തുള്ള തോട്ടിലേക്കും മറ്റും ഒഴുക്കിവിടുകയാണ്. ദുർഗന്ധവും പ്രദേശത്ത് പകർച്ചവ്യാധികളും പതിവായതോടെ ഇനിയും പ്രവർത്തനം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ഫാമിന്റെ പ്രവർത്തനം തടഞ്ഞ് നാട്ടുകാർ സമരം തുടങ്ങിയതോടെ ആർ.ഡി.ഒയും വെറ്ററിനറി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ മനസിലാക്കി. ഫാമിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ പലതവണ ഉത്തരവ് നൽകിയതാണെന്ന് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി. മുപ്പതിലേറെ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തു നിന്ന് ഫാം നീക്കം ചെയ്യണമെന്ന് അധികൃതരും പറഞ്ഞു. ഫാമിലുള്ള പക്ഷിമൃഗാദികളെ എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നതിന് എം.എൽ.എയുടെ സാന്നിധ്യത്തിൽ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.