റാംപിൽ ചുവടുവയ്ക്കാൻ ഒരുങ്ങി ട്രാന്‍സ്‌ജെൻഡേഴ്സ് സുന്ദരികൾ

സൗന്ദര്യമൽസരവേദിയുടെ റാംപിൽ ചുവടുവയ്ക്കാൻ ഒരുങ്ങി കേരളത്തിലെ ട്രാന്‍സ്‌ജെൻഡേഴ്സ് സംഘടനയായ ദ്വയയിലെ സുന്ദരികൾ. തുട‍ർച്ചയായ രണ്ടാം വർഷമാണ്  ദ്വയയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ട്രാൻസ്ജെൻഡേഴ്സിൻറെ സൗന്ദര്യമൽസരം സംഘടിപ്പിക്കുന്നത്.

അഴകിന്‍റെ മല്‍സരവേദിയെങ്കിലും ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ സൗന്ദര്യ മല്‍സരവേദിയില്‍ മാറ്റുരയ്ക്കപ്പെടുക അറിവും കാഴ്ചപ്പാടുകളും കൂടിയാണ്. സമൂഹം മാറ്റി നിര്‍ത്തുന്നവരെ മുഖ്യാധാരയിലേക്ക് കൊണ്ടുവരികയെന്ന വലിയ ദൗത്യമാണ് ഈ മല്‍സരത്തിനുള്ളത്. തിങ്കഴാഴ്ച നെടുന്പാശേരി സിയാൽ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന സൗന്ദര്യമല്‍സരത്തില്‍ കേരളത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള പതിനാറ് ട്രാന്‍സ്ജെന്‍ഡേഴ്സാണ് പങ്കെടുക്കുന്നത്. വെസ്റ്റേണ്‍ സാരി, ഗൗണ്‍, ഡിസൈനര്‍ വെയര്‍ എന്നിങ്ങനെ മൂന്നു കാറ്റഗറികളിലായാണ് മല്‍സരം. ചെന്നൈയില്‍ നിന്നുള്ള പ്രശസ്ത ഫാഷന്‍ ഡിസൈന‍ര്‍ സുനില്‍ മേനോന്‍റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നുണ്ട്.

സിംഗപ്പൂരില്‍ നിന്നുള്ള കലാകാരി മാലിക പണിക്കരുടെ നേതൃത്വത്തില്‍ ട്രാന്‍സ്ജെന്‍ഡഴ്സിന്‍റെ കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് മുഖ്യാതിഥി. ജയസൂര്യ, മംമ്ത മോഹന്‍ദാസ്, അമലപോള്‍ തുടങ്ങി ഒട്ടേറെ ചലച്ചിത്രതാരങ്ങള്‍ സൗന്ദര്യമല്‍സരത്തിന് പിന്തുണയുമായെത്തും.