തൃശൂര്‍ ചെന്ത്രാപ്പിന്നി എസ്.എന്‍.വിദ്യാഭവന്‍ സ്കൂളില്‍ അധ്യാപകരെ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. മണിക്കൂറുകളോളം ഓഫിസ് മുറിയില്‍ നിര്‍ബന്ധമായി പിടിച്ചിരുത്തിയെന്നാണ് ആക്ഷേപം.
സ്കൂളിലെ അഞ്ച് അധ്യാപികമാരാണ് പൊലീസിന് പരാതി നല്‍കിയത്. മീറ്റിങ് ഉണ്ടെന്ന് പറഞ്ഞ് ഉച്ചയ്ക്കു പന്ത്രണ്ടു മണിക്ക് അഡ്മിനിസ്ട്രേറ്റര്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയെന്നും ഭക്ഷണം കഴിക്കാന്‍ പോലും സമ്മതിക്കാതെ മുറിയില്‍തന്നെ ഇരുത്തിയെന്നും പരാതിയില്‍ പറയുന്നു. യൂണിയനുകളില്‍ അംഗത്വമുണ്ടെങ്കില്‍ അത് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് അധ്യാപികമാര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് മതിലകം പൊലീസ് അന്വേഷണം തുടങ്ങി.
അതേസമയം, അധ്യാപികമാരെ മീറ്റിങ്ങിന് വിളിച്ചിരുന്നെങ്കിലും അഡ്മിനിസ്ട്രേറ്റര്‍ എത്താന്‍ വൈകിയതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നും എസ്.എന്‍.ഇ.ട്രസ്റ്റ് സെക്രട്ടറി പറഞ്ഞു. അധ്യാപകര്‍ മനപ്പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് അവര്‍ പറഞ്ഞു.