Amballoor-Epark

എറണാകുളം ആമ്പല്ലൂര്‍ ഇലക്ട്രോണിക് പാര്‍ക്ക് പദ്ധതിക്കായി ഉടന്‍ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് അനൂപ് ജേക്കബ് എംഎല്‍എ. ഇടതുസര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി പദ്ധതിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുന്‍ എംഎല്‍എ എം.ജെ.ജേക്കബ് പറഞ്ഞു. മനോരമ ന്യൂസ് നാട്ടുകൂട്ടം പരിപാടിയിലായിരുന്നു ഇരുവരും നിലപാട് വ്യക്തമാക്കിയത്. 

പിറവത്തെ ജനങ്ങള്‍ പത്തുവര്‍ഷമായി കാത്തിരിക്കുന്ന ആമ്പല്ലൂര്‍ ഇലക്ട്രോണിക് പാര്‍ക്ക് ഉടന്‍ യാഥാര്‍ഥ്യമാകണം എന്ന ലക്ഷ്യത്തോടെയാണ് മനോരമ ന്യൂസ് നാട്ടുകൂട്ടം സംഘടിപ്പിച്ചത്. ഇക്കാര്യത്തില്‍ രാഷ്ട്രീയത്തിനതീതമായി പിറവത്തെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ചയാണ് പദ്ധതി വൈകാന്‍ കാരണമെന്ന്  സ്ഥലം എംഎല്‍എ കുറ്റപ്പെടുത്തി. 

പദ്ധതിയോട് ഇടതുസര്‍ക്കാരിന് അനുകൂല നിലപാടാണ് ഉള്ളതെന്ന് മുന്‍ എംഎല്‍എ എം.ജെ.ജേക്കബ് പറഞ്ഞു. 

ഓരോ തിരഞ്ഞെടുപ്പുകളിലും ഇലക്ട്രോണിക് പാര്‍ക്ക് പ്രചാരണ വിഷയമാക്കി ഇരുമുന്നണികളും പിറവത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ബിജെപി കുറ്റപ്പെടുത്തി. സ്ഥലം ഏറ്റെടുക്കുമ്പോള്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അഭിപ്രായമുയര്‍ന്നു.

ആമ്പല്ലൂര്‍ പഞ്ചായത്തിലെ കാഞ്ഞിരമറ്റത്ത് നടന്ന നാട്ടുകൂട്ടത്തില്‍ പ്രാദേശിക ജനപ്രതിനിധികളും കര്‍ഷകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.