കോട്ടയം കഞ്ഞിക്കുഴിയിലെ റെയില്‍വെ മേല്‍പാലം നാലുവരിയാക്കണമെന്നാവശ്യമുയരുന്നു. ഇത് സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും സ്ഥലം എം.എല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ദക്ഷിണ റയില്‍വെ മാനേജര്‍ക്ക് കത്തു നല്‍കി. അതേസമയം ടൗണിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ പുതിയ പാലത്തിനൊപ്പം റോഡ് വികസനം കൂടി ആവശ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
റയില്‍പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായാണ് ദേശീയപാത 220ല്‍ കഞ്ഞിക്കുഴി പ്ലാന്‍റേഷന് സമീപമുള്ള മേല്‍പാലം നവീകരിക്കുന്നത്. ഇതിന് മുന്നോടിയായി നിര്‍മിക്കുന്ന താൽക്കാലിക റോഡ് അടുത്തമാസം ഗതാഗതത്തിനു തുറന്നുകൊടുക്കും. റോഡിന്‍റെ സംരക്ഷണ ഭിത്തി നിർമിക്കുന്ന ജോലികള്‍ അന്തിമ ഘട്ടത്തിലാണ്. റോഡുനിർമാണം പൂര്‍ത്തിയായാല്‍ നിലവിലുള്ള പാലം പൊളിച്ചു പുതിയത് പണിയും . പത്തുമാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം . എന്നാല്‍ പാലം നാലുവരിയാക്കുന്നതിനൊപ്പം കഞ്ഞിക്കുഴി ജംക്്ഷന്‍ മുതലുള്ള റോഡുവികസനവും അത്യാവശ്യമാണ്.
മണര്‍കാടുമുതല്‍ കോട്ടയം ടൗണിലേക്കുള്ള യാത്രാ ദുരിതത്തിന്‍റെ പ്രധാന കാരണം കഞ്ഞിക്കുഴിയിലെ ഗതാഗതക്കുരുക്കാണ്. അഞ്ചു റോഡുകള്‍ ചേരുന്ന ഇവിടെ സ്കൂള്‍ ഒാഫീസ് സമയങ്ങളില്‍ മണിക്കൂറുകളാണ് വാഹനങ്ങള്‍ ചലനമറ്റ് കിടക്കുന്നത്. പ്രശ്ന പരിഹാരത്തിനായാണ് കഞ്ഞിക്കുഴിയില്‍ പാലം നിര്‍മിക്കാനുള്ള തീരുമാനമുണ്ടായത്. 38 കോടി മുടക്കി നിര്‍മാണത്തിന് അനുമതിയായെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പണി തുടങ്ങാനായിട്ടില്ല. മാത്രമല്ല റോഡിന് വീതികൂട്ടുമ്പോള്‍ കൂടുതല്‍ സ്ഥലം എറ്റെടുക്കേണ്ടതായി വരും. ഇക്കാര്യങ്ങളില്‍ ഉള്‍പ്പെടെ സമയവായമെത്തിയാല്‍ മാത്രമെ പാതാ വികസനം സാധ്യമാകു.