പതിനെട്ട് വർഷമായിട്ടും യാഥാർഥ്യമാകാതെ സീപോർട്ട് എയർപോർട്ട് റോഡ്. റോഡിനായി പൊതുമരാമത്ത് വകുപ്പ് കുറ്റിവച്ച ഭാഗം ഏറ്റെടുക്കാത്തതിനാൽ സ്ഥലം ഉടമകളും ദുരിതത്തിലാണ്. കീഴാറ്റൂരില്‍ ഉൾപ്പെടെ സർക്കാർ കർശന നിലപാടുമായി മുന്നോട്ടുപോകുമ്പോഴാണ് സീപോർട്ട് എയർപോർട്ട് റോഡിന്റെ കാര്യത്തിലെ അനാസ്ഥ.
കൊച്ചി തുറമുഖത്തേയും നെടുമ്പാശേരി വിമാനത്താവളത്തേയും ബന്ധിപ്പിച്ച് നാലുവരിപ്പാത നിർമിക്കുമെന്ന സർക്കാർ പ്രഖ്യാപനം വന്നിട്ട് പതിനെട്ടുവർഷം കഴിഞ്ഞു. ഇരുമ്പനം മുതൽ കളമശേരി എച്ച്എംടി വരെയുള്ള ഭാഗം നാലുവരിയായി വികസിപ്പിച്ചു. എന്നാൽ കളശേരി എൻ.എ.ഡി മുതൽ വിമാനത്താവളം വരെയുള്ള ഭാഗത്ത് സ്ഥലം ഏറ്റെടുക്കൽ പോലും പൂർത്തിയായിട്ടില്ല. സ്ഥലമേറ്റെടുക്കാൻ പൊതുമരാമത്ത് വകുപ്പ് കുറ്റിയടിച്ച ഭാഗത്തെ ഭൂമി വിൽക്കാനോ കെട്ടിടം നിർമിക്കാനോ കഴിയാത്ത സ്ഥിതിയിലാണ് ഭൂവുടമകൾ.
ആലുവ നിയോജക മണ്ഡലത്തിൽപ്പെട്ട 13 കിലോമീറ്റർ ദൂരത്തിലാണ് സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കാനുള്ളത്. ഈ ഭാഗത്ത് പെരിയാറിന് കുറുകെയുള്ള രണ്ട് പാലങ്ങളുടെ നിർമാണം പൂർത്തിയാക്കിയിരുന്നു. സർക്കാരിന്റേയും ജനപ്രതിനിധികളുടെയും അലംഭാവത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ബി.ജെ.പി
സ്പീഡ് ട്രാക്കിലും, കിഫ്ബിയിലും ഉൾപ്പെടുത്തിയെന്ന് പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും ദേശീയപാതയിലേയും സമീപനഗരങ്ങളിലേയും തിരക്ക്. കുറയ്ക്കാൻ കഴിയുന്ന ഈ റോഡ് പൂർത്തിയാകാൻ കാത്തിരിക്കുകയാണ് ജനങ്ങൾ.