നാവികസേനയുടെ ഹെലികോപ്റ്റർ യന്ത്രതകരാറിനെ തുടർന്ന് നിലത്തിറക്കി

ആലപ്പുഴ മുഹമ്മയിൽ  നാവികസേനയുടെ ഹെലികോപ്റ്റർ യന്ത്രതകരാറിനെ തുടർന്ന് അടിയന്തിര സാഹചര്യത്തിൽ നിലത്തിറക്കി. മുഹമ്മ കാവുങ്കൽ എലിപ്പനം പാടത്താണ് നാവികസേനയുടെ ചേതക് 413 പറന്നിറങ്ങിയത്. തകരാറുകൾ പരിഹരിച്ച ശേഷം ഹെലികോപ്റ്റർ കൊച്ചിയിലേക്ക് പോയി.

കൊച്ചിയിലെ നാവികസേന വിഭാഗത്തിന്റെ ഹെലികോപ്റ്റർ പരീക്ഷണ പറക്കലിനിടെയാണ്  തകരാറിലായത്. തുടർന്ന് ആലപ്പുഴ മുഹമ്മ കാവുങ്കൽ എലിപ്പനം പാടത്തേക്ക് പെട്ടന്നു തന്നെ ഇറക്കുകയായിരുന്നു. രണ്ട് നേവി ഉദ്യോസ്ഥരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. പ്രദശത്ത് ഹെലികോപ്റ്റർ ലാന്റ് ചെയ്തതോടെ നാട്ടുകാരും തടിച്ച് കൂടി. മുംബെയിലേക്ക് പോകുന്നതിന് മുന്നോടിയായി പരീക്ഷണ പറക്കൽ നടത്തിയപ്പോഴാണ് യന്ത്രതകരാർ കണ്ടതും പെട്ടന്നു തന്നെ ആളൊഴിഞ്ഞ പാടത്ത് ഹെലികോപ്റ്റർ ഇറക്കാൻ കാരണമായതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊച്ചിയിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകളിലായി കൂടുതൽ മെക്കാനിക്കുകൾ എത്തിയാണ് തകരാർ പരിഹരിച്ചത്.