ഒറ്റയ്ക്ക് താമസിക്കുന്ന വനിതകളെ ആദരിച്ച് ഫോര്‍ട്ട് കൊച്ചി പൊലീസിന്‍റെ മാതൃക

വനിതകളെ ആദരിക്കുന്നതില്‍ അപൂര്‍വ മാതൃകയുമായി കേരള പൊലീസ്. ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലാണ് വനിതാദിനാഘോഷത്തിന്‍റെ ഭാഗമായി ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന വനിതകളെ ആദരിച്ചത്. നാല്‍പതിലേറെ വനിതകളെ പൊലീസിന്‍റെ ജനമൈത്രി കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കാക്കിയിട്ടവര്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു. 

പാട്ടുപാടിയും നൃത്തം ചെയ്തും നടന്ന ആഘോഷം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ മുതിര്‍ന്നവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നത് കൂടിയായി.   ഒപ്പം സ്റ്റേഷന്‍ പരിധിയിലെ കുട്ടികള്‍ക്കായി ‘നിങ്ങളിലെ പരീക്ഷാപ്പേടി എങ്ങിനെ ഒഴിവാക്കാം’ എന്ന വിഷയത്തില്‍ ക്ലാസും നടന്നു. സൈബര്‍ ബോധവല്‍ക്കരണ ക്ലാസ്, ലഹരിവിരുദ്ധ പരിപാടികള്‍, കുടുംബശ്രീ യൂണിറ്റുകളുമായി ചേര്‍ന്ന് 16-ാളം പരിശീലന പരിപാടികള്‍ തുടങ്ങി നിരവധഝി പരിപാടികളാണ് ഫോര്‍ട്ടുകൊച്ചി പോലീസ് നടത്തിവരുന്നത്.

സി.ഐ. പി.രാജ്കുമാർ, എ.എസ്.ഐമാരായ രമേശൻ, ഔസേഫ്, രഘുനന്ദനൻ, സി.പി.ഒ ദിനേശൻ, ജുബീഷ്, സുജനപാൽ, രാജേഷ്, സുരാജ്, വനിതാ പോലീസുകാരായ ബിന്ദു, ധന്യ, അശ്വതി, ഷിജി എന്നിവരും സി.ഡി.എസ് ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.