kozhikode-neerthadam

കോഴിക്കോട് മാവൂരില്‍ കൃഷിയിടങ്ങളുള്‍പ്പെടെ നീര്‍ത്തടം നികത്തല്‍ വ്യാപകം. തെങ്ങിലക്കടവിന് സമീപമുള്ള നീര്‍ത്തടങ്ങളാണ് പാറമണല്‍ യൂണിറ്റുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ തള്ളി കരഭൂമിയാക്കുന്നത്. മാഫിയയ്ക്കെതിരെ റവന്യൂ വകുപ്പ് നടപടി തുടങ്ങി.

നീര്‍ത്തടങ്ങളും പക്ഷി സങ്കേതങ്ങളും ഉള്‍പ്പെടുന്ന പ്രദേശം. കമ്യൂണിറ്റി റിസര്‍വായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴാണ് നിലംനികത്തല്‍ വ്യാപകമാകുന്നത്. വില്ലേജ് അധികൃതരുടെ സ്റ്റോപ് മെമ്മോ വകവയ്ക്കാതെയാണ് മാഫിയയുടെ നടപടി. പ്രതിഷേധം വ്യാപകമായതോടെ പ്രദേശത്തെ പാറമടയൂണിറ്റ് ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു. ദൂരെ നിന്നുള്ള മാലിന്യമെത്തിച്ചാണ് നിലവിലെ നികത്തല്‍. നികത്തിയ ഭാഗങ്ങളില്‍ വാഴയും തെങ്ങും വച്ച് കരയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നീര്‍ത്തടങ്ങള്‍ നികത്തിയതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. 

പാറമണല്‍ യൂണിറ്റുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീര്‍ത്തടങ്ങളില്‍ തള്ളുന്നതോടെ സ്വാഭാവിക ഉറവകള്‍ ഇല്ലാതാകും. ഭൂമിക്കടിയിലേക്ക് മഴവെള്ളം ഒഴുകിയെത്തുന്നതും നിലയ്ക്കും. ഇത് കടുത്ത പാരിസ്ഥിതിക പ്രത്യാഖ്യാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. അസഹ്യമായ വേനല്‍ച്ചൂടില്‍ പ്രദേശത്ത് ജലദൗര്‍ലഭ്യതയ്ക്കും അനധികൃത നിലംനികത്തല്‍ കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.