കോട്ടയം ജില്ലയില്‍ ജലജന്യരോഗങ്ങള്‍ പടരുന്നു. മാന്നാനത്തും അതിരമ്പുഴയിലും മഞ്ഞപ്പിത്തം വ്യാപകമായി. ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് ഇവിടെ മാത്രം പതിനാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടതോടെ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു
മാന്നാനം കെ.ഇ കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ഥികളിലാണ് മഞ്ഞപ്പിത്തം ആദ്യം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പരിസരവാസികളിലും രോഗം കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഹോസ്റ്റലില്‍ ഉപയോഗിച്ച വെള്ളത്തില്‍നിന്നാണ് രോഗം പടര്‍ന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത് . ഈ സാഹചര്യത്തില്‍ കോളജ് ഹോസ്റ്റല്‍ പൂട്ടി. ജലസ്രോതസുകളില്‍ ക്ലോറിന്‍ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതാണ് രോഗഗബാധക്ക് പ്രധാന കാരണമായി ആരോഗ്യവകുപ്പ് പറയുന്നത്. അതേസമയം വയറിളക്കം ബാധിച്ച് ജില്ലയില്‍ ഇതുവരെ 1662 പേര്‍ ചികില്‍സ തേടിയിട്ടുണ്ട്. ഇതില്‍ എഴുന്നൂറുപേര്‍ക്കും രോഗമുണ്ടായത് ഈമാസമാണെന്നത് ആശങ്ക സൃഷ്ടിക്കുന്നു. പകര്‍ച്ചപ്പനിബാധിതരുടെ എണ്ണവും ദിനം പ്രതി വര്‍ധിക്കുകയാണ്. മലേറിയയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്