മറയൂരിലെ കരിമ്പ് കര്‍ഷകരെ പ്രതിസന്ധിയിലാക്കി ശര്‍ക്കരയുടെ വില വീണ്ടും കുത്തനെ ഇടിഞ്ഞു. തമിഴ്നാട്ടില്‍ നിന്ന് വ്യാജ ശര്‍ക്കരയുടെ കടന്നുവരവാണ് വില തകര്‍ച്ചയ്ക്ക് മുഖ്യ കാരണം. അമിതമായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നതുമൂലം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന വ്യാജ ശര്‍ക്കരയുടെ വില്‍പന തടയാന്‍ നടപടിയില്ല.
കഴിഞ്ഞ മാസം വരെ അന്‍പത് രൂപയായിരുന്നു ഒരു കിലോ മറയൂര്‍ ശര്‍ക്കരയുടെ വില. ഉത്സവ സീസണ്‍ പ്രമാണിച്ച് ഗുണമേന്‍മയും മധുരവും ഏറെയുള്ള മറയൂര്‍ ശര്‍ക്കരയ്ക്ക ആവശ്യക്കാര്‍ ഏറി. ഈ അവസരമാണ് തമിഴ്നാട്ടിലെ വ്യാജ ശര്‍ക്കര ലോബി മുതലെടുത്തത്. ലാഭക്കൊതിയന്‍മാരായ വ്യാപാരികളും കര്‍ഷകരെ തഴഞ്ഞ് വ്യാജ ശര്‍ക്കരയ്ക്ക് വിപണിയൊരുക്കി. നിലവില്‍ മറയൂരില്‍ ഉത്പാദിപ്പിക്കുന്ന യഥാര്‍ഥ ശര്‍ക്കരയ്ക്ക് വില നാല്‍പത് രൂപയില്‍ താഴെയാണ്. കരിമ്പ് വെട്ടാനുള്ള കൂലിയും നിര്‍മാണം ചെലവും കഴിഞ്ഞ് ചില്ലികാശ് കര്‍ഷകന് മിച്ചംപിടിക്കാനില്ല. മിക്കവരും ശര്‍ക്കര നിര്‍മ്മാണം നിര്‍ത്തിവെച്ചു.
യഥാര്‍ഥ മറയൂര്‍ ശര്‍ക്കരയെ അപേക്ഷിച്ച് തമിഴ്‌നാട്ടില്‍ നിര്‍മിക്കുന്ന ശര്‍ക്കരയ്ക്ക് പുളിപ്പ് രസം കൂടുതലാണ് കൂടാതെ നിറവും കുറയും. മധുരം വര്‍ധിപ്പിക്കാന്‍ പഞ്ചസാരയും കുമ്മായവും നിറത്തിനായി രാസപദാര്‍ഥങ്ങളും ചേര്‍ത്താണ് മറയൂര്‍ ശര്‍ക്കരയുടെ വ്യാജന്‍ നിര്‍മിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും പരിശോധിക്കാനും വ്യാജ ശര്‍ക്കരയുടെ വില്‍പന തടയാനും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.