വൻസുരക്ഷയിൽ പുതുവർഷത്തെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ പാപ്പാഞ്ഞി കത്തിക്കലിനും ഹോട്ടലുകളിലെ പുതുവത്സര ഡിജെ പാർട്ടികൾക്കും പുറമേ കലൂർ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിൻറെ മത്സരവും കൂടി വരുന്നതോടെ കൊച്ചി ആഘോഷത്തിലമരും. രണ്ടായിരത്തിലധികം പൊലീസുകാരാകും ഇന്ന് നഗരത്തിൽ സുരക്ഷയൊരുക്കുക.
പുതിയ വർഷത്തിലേക്ക് മിഴിതുറക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഈ വർഷത്തെ അവസാനദിനം ആഘോഷത്തിൻറെ അരങ്ങാക്കാനൊരുങ്ങി നിൽക്കുകയാണ് കൊച്ചി. പുതുവർഷത്തെ വരവേറ്റ് കൃത്യം 12 മണിക്ക് അഗ്നിക്കിരയാക്കാനായി ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ പപ്പാഞ്ഞി ഒരുങ്ങിക്കഴിഞ്ഞു. ഫോർട്ട് കൊച്ചി ബീച്ചിൽ കടൽ കയറിയതോടെ ഇവിടെ നടന്നിരുന്ന ആഘോഷം പരേഡ് ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഒാഖി ദുരന്തബാധിതരോടുള്ള ആദരസൂചകമായി ചിരി മാഞ്ഞ പാപ്പാഞ്ഞിയാണ് ഫോർട്ട്്കൊച്ചി കാർണിവലിൽ ഇക്കുറി എത്തുക. ഹോട്ടലുകൾ ഡിജെ പാർട്ടികളുമായാണ് പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്. പാർട്ടികളിൽ പങ്കെടുക്കാൻ കുറഞ്ഞത് 2000 രൂപവീതമാണ് പല ഹോട്ടലുകളിലെയും നിരക്ക്. സ്ഥിരം അരങ്ങുകൾക്ക് പുറമേ കേരളാ ബ്ലാസ്റ്റേഴ്സിൻറെ മത്സരം കൂടി എത്തുന്നതോടെ ആഘോഷം തകർക്കുമെന്നുറപ്പ്. ഡിജെ പാർട്ടികളിലടക്കം ആഘോഷം നടക്കുന്നിടങ്ങളിൽ ശക്തമായ പൊലീസ് സാന്നിധ്യമുണ്ടാകും.മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. പുതുവത്സരാഘോഷത്തിനായി ഫോർട്ട് കൊച്ചിയിലത്തുന്ന പൊതുജനങ്ങൾ പിരിഞ്ഞുപോയ ശേഷമേ ഇതുവഴി വാഹനഗതാഗതം അനുവദിക്കുകയുളളുവെന്നും പൊലീസ് അറിയിച്ചു.