സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്റെ മുഖ്യവേദികള്‍ക്കുള്ള പന്തലുകളുടെ നിര്‍മാണം അവസാനഘട്ടത്തിലേക്ക്. പതിനാറു വര്‍ഷമായി സ്കൂള്‍ കലോല്‍സവത്തിന് പന്തല്‍ കെട്ടുന്ന ചെറുതുരുത്തി സ്വദേശി ഉമ്മര്‍തന്നെയാണ് ഇക്കുറിയും പന്തല്‍നിര്‍മാണം.
ചെറുതുരുത്തി സ്വദേശിയായ ഉമ്മര്‍ ഇരുപത്തിയഞ്ചു വര്‍ഷമായി കൂറ്റന്‍ പന്തല്‍ കെട്ടുന്നു. ഇതില്‍ , പതിനാറു വര്‍ഷവും സ്കൂള്‍ കലോല്‍സവത്തിന് പന്തലൊരുക്കി. സ്വന്തം നാട്ടില്‍ പന്തല്‍ നിര്‍മിക്കുന്നതിന്റെ സന്തോഷത്തിലാണ് ഉമ്മര്‍. നാല്‍പതിനായിരം സ്ക്വയര്‍ ഫീറ്റിലാണ് മുഖ്യവേദി. വടക്കുന്നാഥ ക്ഷേത്ര മൈതാനത്തെ മറ്റു രണ്ടു വേദികളും ഇതിന്റെ പകുതി വരും. ചൂട് കുറയ്ക്കാന്‍ ഓല മേഞ്ഞിട്ടുണ്ട്.
വേദികള്‍ക്കുമുണ്ട് പ്രത്യേകത. മരങ്ങളുടേയും പൂക്കളുടേയും പേരുകളാണ് ഓരോ വേദിക്കും. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമലാ സുരയ്യയുടെ ഓര്‍മയ്ക്കായി മുഖ്യവേദിക്ക് നീര്‍മാതളമെന്ന പേരിട്ടു. നിശാഗന്ധിയും നീലക്കുറിഞ്ഞി തേന്‍വരിക്ക തുടങ്ങി വിവിധ പേരുകളാണ് ഇരുപത്തിനാലു വേദികള്‍ക്കും നല്‍കിയിരിക്കുന്നത്. ജനുവരി ആറു മുതല്‍ പത്തു വരെയാണ് കലോല്‍സവം.