pappani

ഫോർട്ടുകൊച്ചി കാർണിവലിന്റെ ഭാഗമായുള്ള പാപ്പാഞ്ഞി കത്തിക്കലിന് ഇക്കുറി വേദിയാകുന്നത് പരേഡ് ഗ്രൗണ്ട്. ഫോർട്ട്കൊച്ചി തീരം കടലെടുത്തതിനാലാണ് കാർണിവലിന്റെ ചരിത്രത്തിലാദ്യമായി പാപ്പാഞ്ഞി കത്തിക്കലിന്റെ വേദി മാറ്റേണ്ടി വന്നത്. ഒാഖിയെ തുടർന്നുണ്ടായ കടൽക്ഷോഭത്തെത്തുടർന്നാണ് തീരം പൂർണമായും കടലെടുത്തത്. 

കഴിഞ്ഞ 34 വർഷമായി ഫോർട്ട്്കൊച്ചിയിലെ ഈ തീരമായിരുന്നു പുതുവത്സരാഘോഷത്തിന്റെ കേന്ദ്രം. നാടിന്റെ നാനാഭാഗത്ത് നിന്നായി ആയിരങ്ങൾ ഇങ്ങോട്ട് ഒഴുകിയെത്തും. ഇവരെയും തിരമാലകളേയും സാക്ഷിയാക്കിയാണ് പുതുവർഷത്തെ വരവേറ്റ് കൃത്യം 12 മണിക്ക് കൂറ്റൻ പാപ്പാഞ്ഞിയെ അഗ്നിക്കിരയാക്കുക. പക്ഷേ ഈ ആഘോഷത്തിന്റെ വേദി കൂടിയാണ് ഒാഖിയ്ക്കൊപ്പമെത്തിയ തിരമാലകൾ തിരകെയെടുത്തത്. ഫോർട്ട്്കൊച്ചി ബീച്ചിന്റെ വലിയൊരുഭാഗം കടലെടുത്തതോടെ സുരക്ഷാഭീഷണി കൂടി കണക്കിലെടുത്താണ് ജില്ലാ കലക്ടറുടെ അധ്യക്ഷതയിലേ‍ യോഗം ചേർന്ന് പാപ്പാഞ്ഞി കത്തിക്കൽ വേദി മാറ്റാൻ തീരുമാനമെടുത്തത്. 

40 അടി പൊക്കത്തിലുള്ള പാപ്പാഞ്ഞിയെയാണ് ഫോർട്ട്കൊച്ചി പരേഡ് മൈതാനിയിൽ സ്ഥാപിക്കുക. ഒാഖി ദുരന്തബാധിതരോടുള്ള ആദരസൂചകമായി ചിരി മാഞ്ഞ പാപ്പാഞ്ഞിയെയാണ് ഫോർട്ട്്കൊച്ചി കാർണിവലിൽ ഇക്കുറി എത്തുന്നത്. പരേഡ് ഗ്രൗഡിനോട് ചേർന്ന് ഇരട്ടബാരിക്കേഡ് തീർത്താണ് പാപ്പാഞ്ഞിയെ സ്ഥാപിക്കുക. ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിന്റെയും പ്രത്യേക വഴികളും തയാറാക്കുന്നുണ്ട്. 

പാപ്പാനിയുടെ ചിത്രം; ഫയൽ