കൊച്ചി നഗരത്തിന് ഇനി പുഷ്പോൽസവത്തിന്റെ ദിനങ്ങൾ. എറണാകുളത്തപ്പൻ മൈതാനത്ത് ജനുവരി ഏഴ് വരെയാണ് പുഷ്പഫലവൃക്ഷ പ്രദർശനം. വ്യവസായ മന്ത്രി എ.സി മൊയ്തീൻ പുഷ്പോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മെട്രോ തിരക്കിൽ നിന്ന് അൽപം ആശ്വാസം വേണമെങ്കിൽ ഇനിയുള്ള ഒരാഴ്ച എറണാകുളത്തപ്പൻ മൈതാനിയിൽ എത്തിയാൽ മതി. കണ്ണിനും മനസിനും കുളിർമയേകാനുള്ള ജൈവൈവിധ്യങ്ങളുടെ കലവറയായാണ് ജില്ലാ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി എറണാകുളത്തപ്പൻ മൈതാനിയെ മാറ്റിയിരിക്കുന്നത്. അൻപതിനായിരത്തിലധികം പൂച്ചെടികൾ.
വലിയ തരം റോസാപൂച്ചെടികൾ, തായ്്ലൻഡ് ഒാർക്കിഡ്, പെറ്റൂണിയ, ജെർബറ, അഥീനിയം, സാൽവിയ, ജമന്തികൾ തുടങ്ങിയ അൻപതോളം ഇനങ്ങളും പ്രദർശനത്തിലുണ്ട്. ഇതിനെല്ലാം പുറമെയാണ് വിവിധതരം ബോൺസായ്കളും, ഒൗഷധ സസ്യങ്ങളും, നക്ഷത്രവൃക്ഷങ്ങളും. വിദേശത്ത് നിന്നുള്ള പോർട്ടിയാ, സാൻസിയ, കല്ലാലില്ലി തുടങ്ങിയ കട്ട്ഫ്ളവർ ഇനങ്ങളും, സക്കുലന്റ് ചെടികളും വെള്ളാരംകല്ലും ഉപയോഗിച്ചുള്ള ഡ്രൈഗാർഡൻ എന്നിവയും വീടുകളുടെ അകത്തളങ്ങൾ മോടി കൂട്ടാൻ ആഗ്രഹിക്കുന്നവർക്കായി എത്തിച്ചിട്ടുണ്ട്. രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് മണിവരെയാണ് പ്രദർശന സമയം.