ദേശരക്ഷയ്ക്കായി തൃപ്പൂണിത്തുറയിൽ ത്രിരക്ഷാ മഹായജ്ഞം. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിനുസമീപം പൂർണാ നദിക്കരയിലാണ് മൂന്നുദിവസത്തെ ക്രിയാപദ്ധതികൾ നടക്കുന്നത്.
പൂർണവേദപുരിയെന്ന് പ്രസിദ്ധമായ തൃപ്പൂണിത്തുറയുടെ രക്ഷയും സർവൈശ്വര്യവും ലക്ഷ്യമിട്ടാണ് പൂർണാ നദിക്കരയിൽ ദേശപൂജ നടക്കുന്നത്. വാഞ്ഛാകൽപലതാ മഹാഗണപതിഹോമം, സുകൃതഹോമം, സർപ്പബലി, വലിയ ഭഗവതി പൂജ, ദശദ്രവ്യമഹാമൃത്യുഞ്ജയഹോമം, ദ്വാദശനാമപൂജ, ശ്രീചക്രപൂജ, മഹാഗുരുതി തുടങ്ങിയവ ഉൾപ്പെടുന്ന ക്രിയാപദ്ധതികളാണ് മൂന്നുദിവസത്തെ യജ്ഞത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മൂന്നുദിവസവും അഖണ്ഡജപമായി ലളിതാസഹസ്രനാമം, വിഷ്ണുസഹസ്രനാമം, ശിവസഹസ്രനാമം, ദേവീമാഹാത്മ്യം എന്നിവയും ഭക്തർക്കായി ഒരുക്കിയിട്ടുണ്ട്. പൂർണവേദപുരി സനാതന ധർമരക്ഷാവേദിയാണ് ഈ മഹായജ്ഞത്തിനു പിന്നിൽ. വ്യക്തിതാൽപര്യങ്ങൾ ഇല്ലാതെ ദേശഹിതത്തിനുവേണ്ടിയുള്ള കുറച്ചുപേരുടെ പരിശ്രമം ആണ് യാഥാർഥ്യമാകുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
അതാത് ദിവസത്തെ പൂജകളുടെ പ്രസാദം യജ്ഞവേദിയിൽ വിതരണം ചെയ്യും. വ്യാഴാഴ്ച തുടങ്ങിയ യജ്ഞം ശനിയാഴ്ച സമാപിക്കും.