പരിസ്ഥിതി സൗഹൃദ സന്ദേശവുമായി രണ്ടാമത് മൂന്നാർ മാരത്തൺ ഫെബ്രുവരിയിൽ നടക്കും. ലഡാക് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും ഉയരത്തിൽ നടക്കുന്ന മാരത്തണാണ് മൂന്നാറിലേതെന്ന് മുഖ്യരക്ഷാധികാരി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് പറഞ്ഞു. സമുദ്രനിരപ്പിൽ നിന്ന് 1,600 മീറ്റർ ഉയരത്തിലുള്ള കണ്ണൻദേവൻ ഏലമലക്കാടിലാണ് മാരത്തൺ സംഘടിപ്പിച്ചിരിക്കുന്നത്.
ആരോഗ്യമുള്ള ജീവിതത്തിന് കായികക്ഷമത അത്യാവശ്യമാണെന്ന സന്ദേശവുമായാണ് 2018 ഫെബ്രുവരി പത്ത്, പതിനൊന്ന് തിയതികളില്‍ മൂന്നാർ മാരത്തൺ നടത്തുന്നത്. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിനെ സാഹസിക വിനോദത്തിന്റെകൂടി കേന്ദ്രമാക്കി മാറ്റാനും സംഘാടകർ ലക്ഷ്യമിടുന്നു. പത്തിനു നടക്കുന്ന 71 കിലോമീറ്റർ ദൈർഘ്യമുള്ള അൾട്രാ മാരത്തൺ സമുദ്രനിരപ്പിൽ നിന്ന് 2,200 മീറ്റർ വരെ ഉയരമുള്ള പ്രദേശത്തുകൂടി കടന്നുപോകും. ഏഴുകിലോമീറ്റർ ദൈർഘ്യമുള്ള റൺ ഫോർ ഫൺ , 21 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തൺ, 42 കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തൺ എന്നിവ പതിനൊന്നാം തിയതി നടക്കും. പ്രകൃതി സൗഹൃദ വസ്തുക്കളായിരിക്കും മാരത്തണിൽ ഉപയോഗിക്കുക. മാലിന്യമുക്ത മൂന്നാർ എന്ന ലക്ഷ്യവും മാരത്തണുണ്ട്.
കഴിഞ്ഞവർഷം താൻ തുടങ്ങിവച്ചതായതിനാലാണ് ഇത്തവണയും മൂന്നാർ മാരത്തണിന്റെ പിന്നിൽ പ്രവർത്തിക്കുന്നതെന്നു ശ്രീറാം പറഞ്ഞു. മാരത്തണു മുന്നോടിയായി കോളജ് വിദ്യാർഥികൾക്കായി പാഴ്‌വസ്തുക്കളിൽ നിന്ന് കരകൗശലവസ്തു നിർമാണ മൽസരവും സംഘടിപ്പിച്ചിട്ടുണ്ട്.