ബധിരനും മൂകനുമായ ഗൃഹനാഥന്റെ സ്വത്ത് തട്ടിയെടുത്തു

സംസാരശേഷിയും കേൾവി ശക്തിയിലുമില്ലാത്ത ഗൃഹനാഥന്റെ വസ്തു ഉദ്യോഗസ്ഥർ കൃത്രിമ രേഖ ചമച്ച് പോക്കുവരവ് ചെയ്ത് മറ്റൊരാൾക്ക് നൽകിയതായി ആരോപണം. പാലാ നീലൂർ സ്വദേശി ചാക്കോയാണ് പരാതിക്കാരൻ. പത്തു വർഷമായിട്ടും നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ചാക്കോ കുടുംബ സമേതം പാലാ സിവിൽ സ്റ്റേഷന് മുന്നിൽ നിരാഹാരം തുടങ്ങി. 

പ്രായ പൂർത്തിയായ മകൾക്കൊപ്പം ചാക്കോയും ഭാര്യ ഡെയ്സിയും തെരുവിലിറങ്ങി നടത്തുന്ന പ്രതിഷേധം ഒരു ദശാബ്ദത്തിലേറെയായി നേരിട്ട അവഗണനക്കെതിരായാണ്. രാമപുരം സബ് റജിസ്ട്രാർ ഓഫീസിൽ 2383/1988 സർവേ നമ്പറിൽ പെട്ട നാലേക്കർ വസ്തുവാണ് ചാക്കോയ്ക്കുള്ളത്. റീസർവേയ്ക്ക് ശേഷം ആധാരം വേണ്ട രീതിയിൽ പരിശോധിക്കാതെ ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ചയാണ് പത്തുവർഷമായി ചാക്കോയുടെ ദുരിതത്തിന് കാരണം. വില്ലേജ് രേഖകൾ പ്രകാരം ചാക്കോയ്ക്ക് ഭൂമിയുണ്ടെങ്കിലും സർവെയിൽ ഒരു തുണ്ട് ഭൂമി പോലുമില്ല. അടുത്തിടെ ലഭിച്ച ബാധ്യതാ സർട്ടിഫിക്കറ്റ് പ്രകാരവും ഭൂമി ചാക്കോയുടെ പേരിലാണന്നിരിക്കെ മറ്റൊരാളുടെ പേരിൽ എങ്ങനെ പോക്കുവരവ് ചെയ്ത് നൽകി എന്നാണ് കുടുംബത്തിന്റെ ചോദ്യം. കലക്ടർക്കുൾപ്പെടെ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് സിവിൽ സ്റ്റേഷന് മുന്നിൽ ഇവരുടെ പ്രതിഷേധം. 

ചാക്കോയ്ക്ക് കാര്യങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ഭാര്യ ഡെയ്സിയാണ് ഓഫീസുകളിൽ കയറിയിറങ്ങുന്നത്. ഇതിനിടെ തഹസീൽദാറെ പലകുറി സമീപിച്ചപ്പോഴും മോശമായി പെരുമാറിയെന്ന് കുടുംബം ആരോപിക്കുന്നു. നീതി ലഭിക്കുന്നതു വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.