അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണ പതക്കങ്ങള്‍ മോഷണം പോയ സംഭവത്തിന്‍റെ അന്വേഷണം ടെമ്പിള്‍ സ്ക്വാഡ് ഈ ആഴ്ച ഏറ്റെടുക്കും. കൂടുതല്‍ പതക്കങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ക്ഷേത്ര ജീവനക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് ഭക്തസംഘടനകളുടെ ആവശ്യം.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ ഒരു പതക്കവും ഒരു മാലയും മാത്രമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. വിഷുവിന് വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സമയം ഇവ കാണാതെ വന്നതോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. പതക്കവും മാലയും പിന്നീട് കാണിക്കവഞ്ചിയില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതേസമയം ദേവസ്വം വിജിലന്‍സ് സ്ട്രോങ് റൂമില്‍ നടത്തിയ പരിശോധനയിലാണ് 3 പതക്കങ്ങള്‍ കൂടി നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയത്. പതക്കങ്ങള്‍ നഷ്ടമായതില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. തിരുവാഭരണം കമ്മീഷണര്‍ വിശദമായ പരിശോധന നടത്തിയാലേ പതക്കങ്ങള്‍ നഷ്ടമായോ എന്ന് വ്യക്തമാകൂ എന്ന നിലപാടിലാണ് ക്ഷേത്ര ഭരണസമിതി. വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന ആവശ്യമാണ് ഭക്തജനങ്ങള്‍ ഉള്‍പ്പെട്ട ക്ഷേത്ര ഉപദേശക സമിതിയുടേത്.